ഡൽഹി ലോധി റോഡ് അപകടം: ബി.എം.ഡബ്ല്യു കാർ ഡ്രൈവർ അറസ്റ്റിൽ

ന്യൂഡൽഹി: ഫുട്പാത്തിൽ കിടന്നുറങ്ങുകയായിരുന്നവരുടെ ദേഹത്തേക്ക് കാർ പാഞ്ഞുകയറി രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ വാഹനമോടിച്ച യുവവ്യവസായി പിടിയിൽ. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിൽ, വിശദമായ അന്വേഷണത്തിനൊടുവിലാണ് സാഹിൽ നാരംഗി (27) നെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 10ന് ദക്ഷിണ ഡൽഹിയിലെ ലോധി റോഡ് മേൽപാലത്തിന് സമീപം പുലർച്ചെ നാലരയോടെയായിരുന്നു അപകടം.

അമ്മാവന്റെ പുതിയ ബി.എം.ഡബ്ല്യു കാറിന്റെ വേഗത പരിശോധിക്കാനായിരുന്നു യുവാവ് കാറോടിച്ചത്. അമിതവേഗത്തിലെത്തിയ ബി.എം.ഡബ്ല്യു, എതിർവശത്തുകൂടി വന്ന വാഗൺ ആർ കാറിൽ ഇടിച്ചു. നിയന്ത്രണം വിട്ട ബി.എം.ഡബ്ല്യു മേൽപ്പാലത്തിന് സമീപം ഫുട്പാത്തിൽ കിടന്ന് ഉറങ്ങുകയായിരുന്നവരുടെ മേൽ പാഞ്ഞുകയറുകയായിരുന്നു.

അപകടത്തിൽ ഫുട്പാത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോഷ്‌നി (6), സഹോദരൻ അമീർ (10) എന്നിവരാണ് മരിച്ചത്. കൂടാതെ, വാഗൺ ആർ ഡ്രൈവറായ യതിൻ ശർമക്കും ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കും പരിക്കേറ്റു. എന്നാൽ, അപകടത്തിനിടയാക്കിയ കാർ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പരിക്കേറ്റവരൊഴികെ ദൃക്‌സാക്ഷികളൊന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. ഡി.സി.പി ഇഷ പാണ്ഡെ പറഞ്ഞു.

മേൽപ്പാലത്തിന് സമീപമുള്ള സി.സി.ടി.വി ക്യാമറകൾ പ്രവർത്തനക്ഷമമല്ലാതിരുന്നതാണ് പൊലീസിനെ കുഴക്കിയത്. തുടർന്ന് ഒബ്‌റോയ് ഹോട്ടൽ, ലോധി റോഡ്, ബാരാപുള്ള എന്നിവയ്ക്ക് സമീപമുള്ള ക്യാമറകൾ നോക്കി. സി.സി.ടി.വി മാപ്പിങിലൂടെ 120-ലധികം ക്യാമറകൾ പരിശോധിച്ചു. അപകടം ഉണ്ടാക്കിയ കാർ ബി.എം.ഡബ്ല്യു ആണെന്ന് തിരിച്ചറിഞ്ഞതോടെ നടത്തിയ അന്വേഷണത്തിലാണ് ഉടമയെ കണ്ടെത്തിയത്.

അപകടശേഷം, നോയിഡയിലെ വർക്ക്‌ഷോപ്പിൽ കാർ നൽകിയെന്നും തന്‍റെ അനന്തരവനാണ് കാർ ഓടിച്ചതെന്നും ഇയാൾ മൊഴി നൽകി. നിർമാൻ വിഹാറിലെ വസതിയിൽ നിന്നാണ് കാറോടിച്ച സാഹിൽ പിന്നീട് അറസ്റ്റിലായത്. അംഗീകൃത റിപ്പയർ സെന്ററിൽ നിന്ന് ബി.എം.ഡബ്ല്യു പൊലീസ് പിടിച്ചെടുത്തതായും ഡി.സി.പി അറിയിച്ചു.

Tags:    
News Summary - Delhi Lodhi road accident: BMW car driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.