ന്യൂഡൽഹി: ഡൽഹിയിൽ ഒാൺലൈനിലൂടെ റിമോട്ട് കൺട്രോൾ കാർ ഒാഡർ ചെയ്ത യുവാവിന് ലഭിച്ചത് പാർലെ -ജി ബിസ്കറ്റ്. ഡൽഹിയിലെ ഭഗ്വാൻ നഗർ ആശ്രമം പ്രദേശത്ത് താമസിക്കുന്ന വിക്രം ബുരഗോഹെനാണ് തട്ടിപ്പിന് ഇരയായത്. കാറിന് പകരം ബിസ്കറ്റ് ലഭിച്ച വിവരം ഫേസ്ബുക്കിലൂടെ വിക്രം പങ്കുവെക്കുകയായിരുന്നു.
'നിങ്ങൾ ഒാർഡർ ചെയ്തതിന് പകരം ബിസ്കറ്റ് ലഭിച്ചാൽ... അപ്പോൾ നിങ്ങൾ ചായയുണ്ടാക്കണം' -വിക്രം ഫേസ്ബുക്കിൽ കുറിച്ചു.
കുട്ടികൾക്കുള്ള റീചാർജ് ചെയ്യാവുന്ന റിമോട്ട് കൺട്രോൾ കാറാണ് വിക്രം ഒാൺലൈൻ വ്യാപാര സൈറ്റിലൂടെ ഒാർഡർ ചെയ്തത്. ഡെലിവറിക്ക് ശേഷം പാക്കേജ് പരിശോധിച്ചപ്പോൾ തന്നെ സംശയം തോന്നിയിരുന്നു. അത്രയും ചെറുതായിരുന്നു പൊതി. അത് തുറന്നുനോക്കിയപ്പോൾ താൻ തട്ടിപ്പിന് ഇരയായതായി മനസിലായി. റിമോട്ട് കൺട്രോൾ കാറിന് പകരം ബിസ്കറ്റാണ് അവർ ഡെലിവറി ചെയ്തത് -വിക്രം പറയുന്നു.
സംഭവത്തിൽ ഒാൺലൈൻ വെബ്സൈറ്റിനെതിരെ പരാതി നൽകിയതായും വിക്രം കൂട്ടിച്ചേർത്തു. പണം തിരികെ നൽകാമെന്ന് അറിയിച്ചതായും ഇ കൊമേഴ്സ് ഭീമൻമാർ മാപ്പ് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ആദ്യമായല്ല, ഒാൺലൈൻ വെബ്സൈറ്റിലൂടെ ഒാർഡർ ചെയ്ത ഉൽപ്പന്നത്തിന് പകരം മറ്റൊന്ന് ലഭിക്കുന്നത്. കഴിഞ്ഞമാസം മുംബൈയിൽ കോൾേഗറ്റ് മൗത്ത്വാഷ് വാങ്ങിയ യുവാവിന് 13,000 രൂപയുടെ റെഡ്മി നോട്ട് 10 മൊബൈൽ ഫോൺ ലഭിച്ചിരുന്നു. എന്നാൽ മറ്റുപലപ്പോഴും ഫോണിന് പകരം ഇഷ്ടികയും മറ്റു വസ്തുക്കളുമാണ് ലഭിക്കാറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.