ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
2015–16ൽ കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി ഇദ്ദേഹം ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഭൂമി വാങ്ങാനും ഡൽഹിക്ക് സമീപം കൃഷിഭൂമി വാങ്ങാൻ എടുത്ത വായ്പ തിരിച്ചടക്കാനും ഈ പണം ഉപയോഗിച്ചെന്നും ഇ.ഡി പറയുന്നു.
തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മറവിൽ 4.63 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് 2017ൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡിയും കേസെടുത്തത്. പ്രയസ് ഇൻഫോ സൊലൂഷൻസ്, അകിൻചന്ദ് ഡെവലപ്പേഴ്സ് തുടങ്ങിയ കമ്പനികളുടെ പേരിൽ നടന്ന ഇടപാടുകളാണ് സംശയത്തിന്റെ നിഴലിലുള്ളത്. മന്ത്രിയുടെ കുടുംബാംഗങ്ങളും കേസിൽ പ്രതികളാണ്.
ആം ആദ്മി പാർട്ടി നേതാവിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 4.81 കോടി രൂപയുടെ സ്വത്തുക്കൾ രണ്ട് മാസം മുമ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.