ഡൽഹി ഓർഡിനൻസ്​: ആപ്പിന്​ പിന്തുണ പ്രഖ്യാപിച്ച്​​ സി.പി.എം

ന്യൂഡല്‍ഹി: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലൂടെ കെജ്രിവാൾ സർക്കാർ നേടിയെടുത്ത നിയമനാവകാശം മറികടക്കാൻ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെതിരെ ആം ആദ്മി പാർട്ടി നടത്തുന്ന പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

രാജ്യസഭയിൽ ഓർഡിനൻസിനെ എതിർക്കുന്നതിന്​ പിന്തുണ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി അരവിന്ദ്​​ കെജ്രിവാളിന്‍റെ നേതൃത്വത്തിൽ ആം ആദ്​മി പാർട്ടി സംഘം ചൊവ്വാഴ്ച സി.പി.എം ആസ്​ഥാനത്ത്​ എത്തി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി.

‘ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ് ഫെഡറലിസം. ഇത്​ മോദി സർക്കാർ തകർക്കുകയാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള പല ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. ഈ ഓർഡിനൻസ് കൊണ്ടുവന്ന ധിക്കാരപരമായ രീതി ഭരണഘടനയുടെ ലംഘനമാണ്. രാജ്യസഭയിലോ മറ്റെവിടെയെങ്കിലുമോ ഇതിനെതിരെ വോട്ട് ചെയ്യാൻ അവസരം ലഭിക്കുമ്പോഴെല്ലാം ഉപയോഗപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്​’ -കൂടിക്കാഴ്ചക്ക്​ ശേഷം നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ യെച്ചൂരി വ്യക്തമാക്കി. ഇത്​ ആം ആദ്​മി പാർട്ടിയെ മാത്രം ബാധിക്കുന്നതല്ല. കോൺഗ്രസ്​ ഉൾപ്പെടെ എല്ലാ പാർട്ടികളോടും പിന്തുണക്കാൻ അഭ്യർഥിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.

ഡൽഹിയിലെ ജനങ്ങൾക്ക് നീതി ലഭിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുന്നതെന്ന് വാർത്തസമ്മേളനത്തിൽ കെജ്രിവാൾ പറഞ്ഞു. അധികാരം കവരാൻ മാത്രമല്ല ജനങ്ങളെ അപമാനിക്കാൻകൂടിയാണ് ഓർഡിനൻസ്​. രാജ്യത്തിന്‍റെ കാര്യത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടാണെന്ന് തെളിയിക്കണം. കോടതിയിൽ നിയമപോരാട്ടം തുടരുമെന്നും കെജ്രിവാൾ പറഞ്ഞു.

കൂടിക്കാഴ്ചയിൽ സി.പി.എം​ നേതാക്കളായ പ്രകാശ്​ കാരാട്ട്​, വൃന്ദ കാരാട്ട്​, എം.എം. ബേബി, എ. വിജയരാഘവൻ ആം ആദ്​മി പാർട്ടി എം.പിമാരായ സഞ്ജയ്​ സിങ്​, രാഘവ്​ ഛദ്ദ, മന്ത്രി ആതിഷി എന്നിവർ പ​ങ്കെടുത്തു. പിന്തുണതേടി തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ്‌ താക്കറെ വിഭാഗം), എൻ.സി.പി, ജെ.ഡി.യു, ആർ.ജെ.ഡി പാർട്ടികളെ കെജ്രിവാൾ നേരത്തെ കണ്ടിരുന്നു.

Tags:    
News Summary - Delhi Ordinance: CPM declares support for app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.