ഡൽഹി ഓർഡിനൻസ്: ആപ്പിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം
text_fieldsന്യൂഡല്‍ഹി: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലൂടെ കെജ്രിവാൾ സർക്കാർ നേടിയെടുത്ത നിയമനാവകാശം മറികടക്കാൻ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെതിരെ ആം ആദ്മി പാർട്ടി നടത്തുന്ന പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
രാജ്യസഭയിൽ ഓർഡിനൻസിനെ എതിർക്കുന്നതിന് പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി സംഘം ചൊവ്വാഴ്ച സി.പി.എം ആസ്ഥാനത്ത് എത്തി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി.
‘ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ് ഫെഡറലിസം. ഇത് മോദി സർക്കാർ തകർക്കുകയാണ്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള പല ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. ഈ ഓർഡിനൻസ് കൊണ്ടുവന്ന ധിക്കാരപരമായ രീതി ഭരണഘടനയുടെ ലംഘനമാണ്. രാജ്യസഭയിലോ മറ്റെവിടെയെങ്കിലുമോ ഇതിനെതിരെ വോട്ട് ചെയ്യാൻ അവസരം ലഭിക്കുമ്പോഴെല്ലാം ഉപയോഗപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’ -കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ യെച്ചൂരി വ്യക്തമാക്കി. ഇത് ആം ആദ്മി പാർട്ടിയെ മാത്രം ബാധിക്കുന്നതല്ല. കോൺഗ്രസ് ഉൾപ്പെടെ എല്ലാ പാർട്ടികളോടും പിന്തുണക്കാൻ അഭ്യർഥിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.
ഡൽഹിയിലെ ജനങ്ങൾക്ക് നീതി ലഭിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുന്നതെന്ന് വാർത്തസമ്മേളനത്തിൽ കെജ്രിവാൾ പറഞ്ഞു. അധികാരം കവരാൻ മാത്രമല്ല ജനങ്ങളെ അപമാനിക്കാൻകൂടിയാണ് ഓർഡിനൻസ്. രാജ്യത്തിന്‍റെ കാര്യത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടാണെന്ന് തെളിയിക്കണം. കോടതിയിൽ നിയമപോരാട്ടം തുടരുമെന്നും കെജ്രിവാൾ പറഞ്ഞു.
കൂടിക്കാഴ്ചയിൽ സി.പി.എം നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എം.എം. ബേബി, എ. വിജയരാഘവൻ ആം ആദ്മി പാർട്ടി എം.പിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ, മന്ത്രി ആതിഷി എന്നിവർ പങ്കെടുത്തു. പിന്തുണതേടി തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എൻ.സി.പി, ജെ.ഡി.യു, ആർ.ജെ.ഡി പാർട്ടികളെ കെജ്രിവാൾ നേരത്തെ കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.