ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിൽ വ്യാജ ഇ-മെയിൽ അഡ്രസുംകത്തും നിർമിച്ച മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. 2016-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഒഡീഷയിലെ മാധ്യമപ്രവർത്തകനായ മനോജ് കുമാറിനെ ഡൽഹി പൊലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്.
ഒഡീഷയിലെ ഭുവനേശ്വറിൽ പ്രാദേശിക ദിനപത്രം നടത്തുന്നയാളാണ് മനോജ് കുമാർ. യോഗി ആദിത്യനാഥിന്റെ പേരിൽ വ്യാജ ഇ-മെയിൽ നിർമിച്ച ഇയാൾ പത്രത്തിന് പരസ്യം ലഭിക്കാൻ വേണ്ടിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തന്റെ പത്രത്തിന് പരസ്യം നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് യോഗിയുടെ പേരിലുണ്ടാക്കിയ വ്യാജ ഇ-മെയിലിൽനിന്ന് ഒട്ടേറെ പൊതുമേഖല കമ്പനികൾക്കാണ് ഇയാൾ മെയിൽ അയച്ചിരുന്നത്.
യോഗി ആദിത്യനാഥിന്റെ വ്യാജമായ ഒപ്പും മെയിലിൽ ഉപയോഗിച്ചിരുന്നു. പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഒ.എൻ.ജി.സി, ഗെയിൽ തുടങ്ങിയ കമ്പനികൾക്കാണ് വ്യാജ ഇ-മെയിലുകൾ ലഭിച്ചിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യോഗിയുടെ അന്നത്തെ പേഴ്സനൽ സെക്രട്ടറിയായിരുന്ന രാജ്ഭൂഷൺ സിങ് ഡൽഹി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഐ.പി. അഡ്രസ് പിന്തുടർന്നാണ് പൊലീസ് പ്രതിയെ ഒഡീഷയിൽനിന്ന് പിടികൂടിയത്.
പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മനോജ്കുമാറിനെതിരേ നേരത്തെ കട്ടക്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 'സമാജ് ആജ്ന'എന്ന ന്യൂസ് പേപ്പർ നടത്തിവരികയായിരുന്നു ഇയാൾ. ഭുവനേശ്വറിൽ ഒളിവിൽ കഴിയുന്നു എന്ന വിവരം ലഭ്യമായതിനെ തുടർന്നാണ് പൊലീസ് സംഘം ഇയാളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.