ന്യൂഡൽഹി: റസ്‍ലിങ് ഫെഷറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ ലൈംഗികാരോപണമുന്നയിച്ച രണ്ട് വനിതാ താരങ്ങളോട് തെളിവുകൾ ഹാജരാക്കാൻ ഡൽഹി പൊലീസ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ബ്രിജ് ഭൂഷൻ മാറിടത്തും വയറിലും കൈവെച്ച് അമർത്തിയെന്നും തലോടിയെന്നും പരാതിപ്പെട്ട താരങ്ങളോടാണ് സംഭവത്തിന്റെ ഫോട്ടോ, വിഡിയോ, ഓഡിയോ തുടങ്ങിയവയെന്തെങ്കിലും തെളിവുകളായി ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിജ് ഭൂഷൻ കെട്ടിപ്പിടിച്ചുവെന്ന് ആരോപിച്ച താരത്തോട് സംഭവത്തിന്റെ ഫോട്ടോ ഹാജരാക്കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസാണ് ഈ വിവരം പുറത്തുവിട്ടത്.
ഏപ്രിൽ 21 നാണ് ബ്രിജ്ഭൂഷനെതിരെ ഈ രണ്ട് വനിതാ താരങ്ങൾ ഡൽഹി കോണാട്ട്പ്ലേസ് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്. ലൈംഗിക പീഡനമുൾപ്പെടെ ആരോപിച്ചായിരുന്നു പരാതി.
ഗുസ്തി ടൂർണമെന്റിനിടയിലും വാം അപ്പ് സമയത്തും റസ്‍ലിങ് ഫെഡറേഷൻ ഓഫീസിലും മറ്റും വെച്ചാണ് മോശമായി സ്പശർനവും തലോടലും ഉൾപ്പെടെ പീഡനങ്ങൾ നടന്നത്. ജൂൺ അഞ്ചിന് താരങ്ങൾ പ്രത്യേകം നോട്ടീസ് അയച്ചിട്ടുണ്ടെന്നും മറുപടിക്കായി സമയം അനുവദിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ബ്രിജ്ഭൂഷനെതിരെ തങ്ങളുടെ കൈവശമുള്ള തെളിവുകളെല്ലാം നൽകിയിട്ടുണ്ടെന്ന് ഒരു ഗുസ്തി താരം അവകാശപ്പെട്ടു.
പീഡനം നടന്ന സമയം, തീയതി, റസ്‍ലിങ് ഫെഡറേഷൻ ഓഫീസിൽ അവർ ചെലവഴിച്ച സമയം, റൂം മേറ്റുകളുടെ വിവരങ്ങൾ, വിദേശത്ത് നടന്ന പീഡനങ്ങൾക്ക് സാക്ഷികൾ, റസ്‍ലിങ് ഫെഡറേഷൻ ഓഫീസ് സന്ദർശിക്കാനെത്തിയ താരം താമസിച്ച ഹോട്ടൽ തുടങ്ങിയവയുടെ വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ പരാതി നൽകിയതിനു ശേഷം ലഭിച്ച ഭീഷണി ഫോൺ കോളുകളെ കുറിച്ച് അന്വേഷിച്ച് ഒരു താരത്തിനും അവരുടെ ബന്ധുവിനും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ബന്ധുവിനോട് ഭീഷണി സംബന്ധിച്ച വിഡിയോ, ഫോട്ടോഗ്രാഫ്, കാൾ റെക്കോർഡിങ്, വാട്സ് ആപ്പ് ചാറ്റ് തുടങ്ങിയവ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നോട്ടീസുകളിലെല്ലാം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് ഒപ്പുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.