ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിനിടെ മൗജ്പൂരിലെ തീവെപ്പ് കേസിൽ പൊലീസ് സ്വീകരിച്ച വിചിത്ര നടപടി റദ്ദാക്കി ഹൈകോടതി. അതീർ എന്നയാൾക്കെതിരെ ഒറ്റസംഭവത്തിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ നാലും കോടതി തള്ളിക്കളഞ്ഞു. ഒരേ കുറ്റത്തിന് വെവ്വേറെ എഫ്.ഐ.ആർ ഫയൽ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യരുതെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അതീറിന്‍റെ ഹരജിയിൽ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ നടപടി.
2020 ഫെബ്രുവരി 24നാണ് കേസിനാസ്പദമായ സംഭവം. വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്പൂരിൽ കൂട്ടുകുടുംബം താമസിച്ചിരുന്ന ഒരു കോമ്പൗണ്ടിന് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് കേസ്.
അതീറിനെതിരെ രജിസ്റ്റർ ചെയ്ത അഞ്ച് എഫ്ഐആറുകളും ഒരേ സംഭവത്തിൽ ഒരേ കുടുംബത്തിലെ അംഗങ്ങളാണ് ഫയൽ ചെയ്തതെന്ന് പ്രതിഭാഗം അഭിഭാഷകയായ താര നരുല പറഞ്ഞു. പരാതിക്കാരിലാരും സംഭവത്തിന് സാക്ഷികളാകുകയോ തീ കൊളുത്തിയത് ആരാണെന്ന് കാണുകയോ ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. എന്നാൽ, കേസുകൾ വ്യത്യസ്ത സ്വത്തുക്കളുമായി ബന്ധപ്പെട്ടതാണെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അനൂജ് ഹന്ദ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. സംഭവത്തിൽ 2020 മാർച്ചിൽ ജഫ്രാബാദ് പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത ആദ്യ എഫ്.ഐ.ആറിൽ മാത്രമേ അന്വേഷണം തുടരാനാവൂ എന്നാണ് ഹൈകോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.