ന്യൂഡൽഹി: 2020ലെ ഡൽഹി കലാപക്കേസിൽ പൊലീസുകാർ കള്ളസാക്ഷ്യം പറയുന്നുവെന്ന് ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജ് വിനോദ് യാദവ്. പൊലീസുകാരനായ ഒരു സാക്ഷി പ്രതികളിൽ മൂന്നുപേരെ തിരിച്ചറിഞ്ഞപ്പോൾ മറ്റൊരു പൊലീസുകാരൻ അവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന് പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് പൊലീസ് ഡെപ്യൂട്ടി കമീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും കോടതി അറിയിച്ചു.
53 പേർ കൊല്ലപ്പെടുകയും 700 പേർക്ക് മുറിവേൽക്കുകയും ചെയ്ത കലാപമായിരുന്നു 2020 ഫെബ്രുവരിയിൽ നടന്നത്. കേസുമായി ബന്ധപ്പെട്ട് നാല് പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കവെയാണ് കോടതിയുടെ നിരീക്ഷണം. വികാസ് കശ്യപ്, ഗോലു കശ്യപ്, റിങ്കു സബ്സി വാല എന്നീ പ്രതികളെ ഹെഡ് കോൺസ്റ്റബിളായ സാക്ഷി തിരിച്ചറിഞ്ഞപ്പോൾ അവരെ അറിയില്ലെന്നായിരുന്നു അസി.സബ് ഇൻസ്പെക്ടറായ സാക്ഷിയുടെ മൊഴി.
പൊലീസിനെ വിമർശിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം
ന്യൂഡൽഹി: 2020 ഫെബ്രുവരിയിലെ ഡൽഹി കലാപ കേസിൽ പൊലീസ് അന്വേഷണത്തെ വിമർശിച്ച വിചാരണ ജഡ്ജിക്ക് സ്ഥലം മാറ്റം.
ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജ് വിനോദ് യാദവിനാണ് സ്ഥലംമാറ്റം. അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കും സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥർ കളവ് പറഞ്ഞതിനെതിരെയും രൂക്ഷ പരാമർശങ്ങൾ നടത്തിയതിനെ തുടർന്നാണ് നടപടി.
കലാപ കേസുകൾ പരിഗണിച്ചിരുന്ന കർക്കർഡൂമ അഡീഷനൽ സെഷൻസ് കോടതിയിൽനിന്ന് ന്യൂഡൽഹി ജില്ലാ റോസ് അവന്യൂ കോടതി പ്രത്യേക ജഡ്ജിയായാണ് നിയമനം.
കലാപം സംബന്ധിച്ച് പൊലീസ് അന്വേഷണത്തിലെ ദുരൂഹത വിനോദ് യാദവ് നിരന്തരം ചോദ്യം ചെയ്തിരുന്നു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താനയോട് അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.