തൻവീർ അഹ്മദ്
ന്യൂഡല്‍ഹി: പ്രാണവായുവിനായുള്ള പരക്കം പാച്ചിലിനിടെ അന്ത്യവിശ്രമത്തിന് ഇടമില്ലാതെ ഡല്‍ഹി. പ്രതിദിനം 20ൽ താഴെ മാത്രം മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ മാത്രമേ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളുടെ ശ്മശാനങ്ങളില്‍ സൗകര്യമുള്ളൂ. അതിനാൽ, പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളുമായി രണ്ടുദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥ. ശ്മശാനങ്ങളില്‍ രാപ്പകലില്ലാതെ ജോലിയെടുത്ത് തളര്‍ന്നിരിക്കുകയാണ് ശ്മശാന ജീവനക്കാരും.
ചൊവ്വാഴ്ച മരിച്ച സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ അനിഭ് സച്ചതെയുടെ മൃതദേഹവുമായി ദയാനന്ദ് മുക്തിദാം ശ്മശാനത്തിൽ നിന്നും ആവശ്യപ്പെട്ടത് മറ്റെവിടെയെങ്കിലും കൊണ്ടുപോയി സംസ്കരിക്കണമെന്നും 25 മൃതദേഹങ്ങൾ വരിയിലാണെന്നുമായിരുന്നു. ഒരാഴ്ചയിലധികമായി ഇവിടെ 50 ലധികം മൃതദേഹങ്ങൾ എത്തുന്നുണ്ടെന്നും ഇതിനുള്ള സൗകര്യം ഇല്ലെന്നും നടത്തിപ്പു ചുമതലയുള്ള രാം പാൽ പറയുന്നു. സംസ്കാര ചടങ്ങുകൾക്ക് ആവശ്യമായ വിറകിെൻറ ക്ഷാമവും രൂക്ഷമായി. ഡൽഹി ഗേറ്റിന് സമീപത്ത് 1,200ഓളം മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലം നിറഞ്ഞുകഴിഞ്ഞു. ഖബർസ്ഥാനിലെ ചെറു ഇടങ്ങൾ പോലും ഉപയോഗപ്പെടുത്തുന്നുണ്ട്. എങ്കിലും പ്രതിദിനം 15നു മുകളിൽ മൃതദേഹങ്ങൾ എത്തുന്നത് തുടരുകയാണെങ്കിൽ രണ്ടു ദിവസത്തിനകം ഈ സൗകര്യം പോലും അപര്യാപ്തമാവുമെന്ന് ഖബർസ്ഥാെൻറ ചുമതലയുള്ള മുഹമ്മദ് ശമീം പറഞ്ഞു.
15,000 രൂപ വരെ കൈക്കൂലി കൊടുത്താണ് പലരും മൃതദേഹം സംസ്കരിക്കുന്നത്. നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനു സമീപത്തുള്ള സാഖെ ഖാലൈ ശ്മശാനത്തിൽ മൃതദേഹം കുന്നുകൂടി കിടക്കുന്നതിനാൽ സമീപത്തെ പാർക്ക് താൽക്കാലിക ശ്മശാനമാക്കി മാറ്റിയിരിക്കുകയാണ്. പ്രതിദിനം 350ഒാളം മരണങ്ങളാണ് ഔദ്യോഗികമായി ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ആശുപത്രികളിൽ പ്രവേശനം ലഭിച്ചവരുടെ മൃതദേഹങ്ങളാണ്.
എന്നാൽ, ആശുപ്രത്രിയിൽ അഡ്മിഷൻ ലഭിക്കാതെ പുറത്ത് മരിക്കുന്നവരുടെ എണ്ണം രേഖപ്പെടുത്തുന്നില്ലെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഡൽഹിയിലെ ഏഴു ശ്മശാനങ്ങളിൽ മാധ്യമപ്രവർത്തകർ ഒരാഴ്ചക്കിടെ സംസ്കരിച്ച മൃതദേഹങ്ങളുടെ എണ്ണം കൂട്ടിയപ്പോൾ ഔദ്യോഗിക കണക്കിൽപെടാത്ത 1,150 മൃതദേഹങ്ങളാണ് അധികമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.