ന്യൂഡൽഹി: തിരക്കേറിയ നഗരത്തിൽ ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് യുവാവ് പെൺകുട്ടിയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ച് കോൺക്രീറ്റ് പാളി കൊണ്ട് തലക്കടിച്ച് കൊന്നു. നിസ്സംഗരായി അവരെ കടന്നു പോയ ആളുകളിൽ ഒരാൾപോലും യുവാവിനെ തടയാൻ ശ്രമിച്ചില്ലെന്നാണ് സി.സി.ടി.വി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. ആൾക്കൂട്ടത്തിൽ ആരെങ്കിലും അപായ അലാം അടിച്ചിരുന്നെങ്കിൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. വടക്കൻ ഡൽഹിയിലെ രോഹിണിയിൽ ഞായറാഴ്ച വൈകീട്ടാണ് മനഃസാക്ഷിയെ നടുക്കുന്ന സംഭവം. പ്രതി സാഹിലിനെ(20) പൊലീസ് അറസ്റ്റ് ചെയ്തു. 20ലേറെ തവണയാണ് പ്രതി പെൺകുട്ടിയെ കുത്തിയത്.
തന്റെ പെൺസുഹൃത്താണെന്ന് പറഞ്ഞാണ് യുവാവ് 16 വയസുള്ള പെൺകുട്ടിയെ ആക്രമിച്ചത്. കത്തികൊണ്ട് പെൺകുട്ടിയെ തുരുതുരാ കുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരുവേള കത്തി പെൺകുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറി പുറത്തേക്ക് എടുക്കാനാവുന്നില്ല. അപ്പോൾ ശരീരത്തിൽ നിന്ന് കത്തിയിളക്കി മാറ്റാനും യുവാവ് ശ്രമിക്കുന്നുണ്ട്.
പിന്നീട് അടുത്തുള്ള കോൺക്രീറ്റ് പാളി കൊണ്ട് വീണ്ടും വീണ്ടും പെൺകുട്ടിയുടെ തലക്ക് ഇടിക്കുകയായിരുന്നു. സുഹൃത്തിന്റെ മകന്റെ ജൻമദിനാഘോഷത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു പെൺകുട്ടിയെന്ന് പൊലീസ് പറഞ്ഞു. ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കിട്ടുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. കൃത്യം നടത്തിയ ഉടൻ യുവാവ് രക്ഷപ്പെടുകയും ചെയ്തു.
ആളുകൾ വിവരമറിച്ചതനുസരിച്ച് സംഭവസ്ഥലത്തെത്തിയ പൊലീസ് കണ്ടത് രക്തത്തിൽ കുളിച്ച പെൺകുട്ടിയുടെ മൃതദേഹം ആണ്. പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണമെന്നും കൊലപാതകിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുമൻ നൽവ പറഞ്ഞിരുന്നു. സംഭവത്തിൽ പൊലീസിന് നോട്ടീസ് അയച്ചതായി ഡൽഹി വനിത കമ്മീഷൻ മേധാവി സ്വാതി മലിവാൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.