ന്യൂഡൽഹി: ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും കുറ്റകരമാക്കണമെന്ന ആവശ്യവുമായി യുവതി സുപ്രീംകോടതിയിൽ. മൂന്ന് കുട്ടികളുടെ മാതാവായ ഡൽഹി സ്വദേശിയായ സമീന ബീഗമാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലിം വ്യക്തിനിയമമനുസരിച്ച് നിയമസാധുതയുള്ള ബഹുഭാര്യത്വം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാരിയുടെ വാദം.
ബഹുഭാര്യത്വത്തിൻെറ ഇരായാണ് താനെന്ന് യുവതി പരാതിയിൽ പറഞ്ഞു. മുസ്ലിം സമുദായത്തിൽ ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയ നിർദയമായ നിയമങ്ങൾ മൂലം നിരവധി പേരാണ് നരകയാതന അനുഭവിക്കുന്നതെന്നും യുവതി ഹരജിയിൽ പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മയും സാമൂഹ്യ പ്രവർത്തകയുമായ യുവതിക്ക് വേണ്ടി അർച്ചന പഥക് ദവെയാണ് കോടതിയിൽ ഹാജരായത്.
1999ൽ ജാവേദ് അക്തറിനെ വിവാഹം കഴിച്ച സമീനക്ക് രണ്ട് പുത്രന്മാരുണ്ട്. ഭർതൃവീട്ടിൽ നിരന്തര പീഡനത്തിന് ഇരയായിരുന്ന സമീനയോട് ഇവർ കൂടുതൽ പണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സമീന വിവാഹമോചനത്തിന് കേസ് നൽകിയതോടെ ഭർത്താവ് മൊഴി ചൊല്ലിയതായി അറിയിച്ച് കത്തയക്കുകയായിരുന്നു.
മാതാപിതാക്കളോടൊപ്പം കഴിഞ്ഞിരുന്ന സമീന 2012ലാണ് റിയാസുദീനെ വിവാഹം കഴിച്ചത്. അതേസമയത്തു തന്നെ ആരിഫ എന്ന സ്ത്രീയുടെ ഭർത്താവായിരുന്നു റിയാസുദീൻ. ഇയാളുടെ മകനെ ഗർഭം ധരിച്ച സമയത്താണ് റിയാസുദ്ദീൻ ഫോണിലൂടെ സമീനയെ മൊഴി ചൊല്ലിയത്. അന്നുമുതൽ മൂന്ന് കുട്ടികളോടൊപ്പം ജീവിക്കുകയാണ് സമീന. സമാന രീതിയിൽ ബുദ്ധിമുട്ടികൾ അനുഭവിക്കുന്ന സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് ഇവർ.
വ്യത്യസ്ത തരം മതങ്ങളും അവർക്ക് വ്യത്യസ്ത വ്യക്തി നിയമങ്ങളും അനുവദിച്ചിട്ടുള്ള നാടാണ് ഇന്ത്യ. ഓരോ മതങ്ങളിൽ പെട്ടവർ അവരവരുടെ വിശ്വാസത്തിനനുസരിച്ച് വ്യത്യസ്ത നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നത് തെറ്റല്ല. എന്നാൽ വ്യക്തിനിയമങ്ങൾ ഭരണഘടനാപരമായി സാധുതയുള്ളതും ഭരണഘടനാപരമായ സദാചാരം പിന്തുടരുന്നതും ആകണം. ഇവ ഭരണഘടനയുെട 14, 15, 21എന്നീ അനുച്ഛേങ്ങൾ ലംഘിക്കന്നതാവരുതെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.