ന്യൂഡൽഹി: വ്യാജ കോൾ സെന്റർ നടത്തി പണം തട്ടുന്ന സംഘത്തിലെ മൂന്ന് യുവതികളെ ഡൽഹി പൊലീസ് പിടികൂടി. മുഖ്യപ്രതിയായ മനീഷ അഹിർവാൾ, കൂട്ടാളികളായ കല്പന (21), റീമ (23) എന്നിവരാണ് അറസ്റ്റിലായത്. ബജാജ് ഫിൻസെർവ് എക്‌സിക്യൂട്ടീവുകളായി ആൾമാറാട്ടം നടത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്.
തട്ടിപ്പ് സംബന്ധിച്ച് ദീപക് കുമാർ എന്ന വ്യക്തിയാണ് പരാതി നൽകിയതെന്ന് ഡി.സി.പി സമീർ ശർമ്മ പറഞ്ഞു. അജ്ഞാത നമ്പറിൽ നിന്ന് ആദ്യം ഫോൺ കോൾ വന്നു. ബജാജ് ഫിൻസെർവിൽ നിന്നുള്ള എക്‌സിക്യൂട്ടീവാണെന്ന് വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തി. ക്രെഡിറ്റ് കാർഡ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് വിളിക്കുന്നത് എന്നാണ് ഇവർ പറഞ്ഞത്.
നടപടി ക്രമങ്ങളുടെ ഭാഗമായി ഓൺലൈനായി ഒരു രൂപ അടയ്ക്കാൻ പിന്നീട് ഇവർ ആവശ്യപ്പെട്ടു. എന്നാൽ, ഒരു രൂപയ്ക്ക് പകരം അക്കൗണ്ടിൽ നിന്ന് 24745 രൂപ പിൻവലിക്കപ്പെട്ടു എന്നാണ് പരാതിയിൽ പറയുന്നതെന്ന് ഡി.സി.പി വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ െഎ.പി.സി 420 വകുപ്പ് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്‍റെ അക്കൗണ്ട് വിശദാംശങ്ങളും ഫോൺ കോളും പൊലീസ് വിശദമായി പരിശോധിച്ചു. തുടർന്നാണ് മനീഷ അഹിർവാളിനെ തിരിച്ചറിഞ്ഞത്.
കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് വ്യാജ കോൾ സെന്ററിലേക്ക് പൊലീസ് എത്തിയത്. മൂന്ന് പ്രതികളും രോഹിണിയിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. സ്ഥലത്ത് റെയ്ഡ് നടത്തിയപ്പോൾ മുഖ്യ പ്രതിയായ മനീഷ അഹിർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കൂട്ടാളികളായ കൽപനയെയും റീമയെയും കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൂന്ന് മൊബൈൽ ഫോണുകളും നാല് സിം കാർഡുകളും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.