നിരോധനം വകവെക്കാതെ പടക്കം പൊട്ടിച്ചു; ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം

ന്യൂഡൽഹി: ദീപാവലി ദിനത്തിൽ നിരോധനം ലംഘിച്ച് വ്യാപകമായി പടക്കം പൊട്ടിച്ചതോടെ രാജ്യതലസ്ഥാനത്തെ വായു മലിനീകരണവും ഗുരുതരാവസ്ഥയിലായി. വായു മലിനീകരണത്തിനു പുറമെ വ്യാഴാഴ്ച രാത്രി പൊട്ടിച്ച പടക്കത്തിന്റെ അവശിഷ്ടങ്ങൾ ഡൽഹിയിലെ തെരുവുകളിലും നിറഞ്ഞിരിക്കുകയാണ്. 2019 മുതൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് ഡൽഹിയിൽ വിലക്കുണ്ട്. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ വായു മലിനീകരണം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണിത്. എന്നാൽ ഇത് പാലിക്കാൻ ജനം തയാറാകാത്തത് വലിയ വെല്ലുവിളിയാകുന്നുണ്ട്.

ദീപാവലി എന്നത് ദീപത്തിന്റെ ഉത്സവമാണെന്നും പടക്കത്തിന്റേതല്ലെന്നും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പടക്കം പൊട്ടിക്കുന്നത് നിരോധിച്ചതായും കെജ്രിവാൾ വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ രംഗത്തുവന്ന ബി.ജെ.പി, പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുകയെന്ന ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുകയാണ് എ.എ.പി എന്ന് ആരോപിച്ചു. ജനങ്ങളുടെ ആരോഗ്യം സംബന്ധിച്ച വിഷയത്തിൽ പോലും ബി.ജെ.പി വിദ്വേഷ രാഷ്ട്രീയം ഉയർത്തുകയാണെന്ന് എ.എ.പി തിരിച്ചടിച്ചു.

വായു ഗുണനിലവാര സൂചിക പൂജ്യത്തിനും 50നും ഇടയിൽ നിൽക്കേണ്ടയിടത്ത്, വെള്ളിയാഴ്ച രാവിലെ 400നു മുകളിലാണ് ഡൽഹിയിൽ പലയിടത്തും രേഖപ്പെടുത്തിയത്. ആനന്ദ് വിഹാറിൽ 419 ആണ് വായു ഗുണനിലവാര സൂചിക. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്. അലിപൂർ, അശോക് വിഹാർ, അയ നഗർ, ബവാന, ബുരാരി, ദ്വാരക, ഐ.ജി.ഐ എയർപോർട്ട് (ടി3), ജഹാംഗീർപുരി, മുണ്ട്ക, നരേല, ഓഖ്‌ല, പട്‌പർഗഞ്ച്, പഞ്ചാബി ബാഗ്, രോഹിണി, ആർ.കെ പുരം തുടങ്ങിയ പ്രദേശങ്ങളിലും വായു ഗുണനിലവാരം മോശമായി തുടരുകയാണ്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ വായു ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാകാൻ സാധ്യതയുണ്ടെന്നും, എന്നാൽ പടക്കം പൊട്ടിക്കൽ, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടായാൽ അത് ‘ഗുരുതര’ വിഭാഗത്തിലേക്ക് എത്തുമെന്നും ട്രോപ്പിക്കൽ മീറ്റിയോറോളജി ഇൻസ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് വകവെക്കാതെ നിരവധിപേർ പടക്കം പൊട്ടിക്കുകയായിരുന്നു. ഇതോടെ ശരാശരി വായു ഗുണനിലവാര സൂചിക 328ൽനിന്ന് 359ലേക്ക് കുറയുകയും ചെയ്തു.


Tags:    
News Summary - Delhi's Air Quality Worsens Day After Diwali As People Defy Firecracker Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.