മുംബൈ: ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനും സുഹൃത്തുക്കളും ഉൾപ്പെടെ 16 പേർ അറസ്റ്റിലായ മുംബൈ ആഡംബരക്കപ്പൽ ലഹരിക്കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളി അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത്. കപ്പലിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തിയപ്പോൾ സ്വകാര്യ വ്യക്തികൾ എങ്ങനെയാണ് റെയ്ഡിന്‍റെ ഭാഗമായതെന്ന് അദ്ദേഹം ചോദിച്ചു.
ബി.ജെ.പി ഘടകത്തിന്‍റെ ഉപാധ്യക്ഷനായ ഒരാൾക്കും തട്ടിപ്പുകാരനെപോലുള്ള ഒരാൾക്കും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നിടത്ത് എന്താണ് കാര്യം. ഇയാളുടെ കാറിൽ 'പൊലീസ്' എന്നെഴുതിയത് എങ്ങനെ. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അവരുടെ ജോലി പുറംകരാർ നൽകിയോയെന്നും സചിൻ സാവന്ത് ചോദിച്ചു.
എൻ.സി.ബിയോടൊപ്പം റെയ്ഡിൽ പങ്കെടുത്ത മനീഷ് ഭനുഷാലി, കിരൺ ഗോസാവി എന്നിവർ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും മോദി, അമിത് ഷാ തുടങ്ങിയ ബി.ജെ.പി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും സാവന്ത് പങ്കുവെച്ചു.
മുന്ദ്ര പോർട്ടിൽ കോടികളുടെ ലഹരിമരുന്ന് പിടികൂടിയതിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണോയിതെന്ന് അദ്ദേഹം ചോദിച്ചു. മുംബൈ ലഹരിക്കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉയർത്തിയ ആരോപണങ്ങളെല്ലാം ഗൗരവമുള്ളതാണെന്നും സചിൻ സാവന്ത് പറഞ്ഞു.
നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡിൽ താനും പങ്കെടുത്തതായി ബി.ജെ.പി നേതാവായ മനീഷ് ഭനുഷാലി വെളിപ്പെടുത്തിയിരുന്നു. റെയ്ഡിൽ ബി.ജെ.പിക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് നേതാവിന്‍റെ വെളിപ്പെടുത്തൽ. നേരത്തെ, മന്ത്രി നവാബ് മാലിക്കും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
റെയ്ഡിനിടെ പിടികൂടിയ ആര്യൻ ഖാന്‍റെ സുഹൃത്ത് അർബാസ് മർച്ചന്‍റിനെ മുംബൈയിലെ എൻ.സി.ബി ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് ഭനുഷാലിയാണ്. ഇത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എൻ.സി.ബി ഉദ്യോഗസ്ഥനല്ലാത്ത ഒരാൾ എങ്ങിനെ റെയ്ഡിൽ പങ്കെടുത്തുവെന്ന് മന്ത്രി നവാബ് മാലിക് ഇന്നലെ ചോദിച്ചിരുന്നു.
എന്നാൽ, ആഡംബര കപ്പലിലെ ലഹരി പാർട്ടിയെ കുറിച്ച് തനിക്ക് ഒക്ടോബർ ഒന്നിന് തന്നെ വിവരം ലഭിച്ചിരുന്നുവെന്നാണ് മനീഷ് ഭൻഷാലി അവകാശപ്പെടുന്നത്. എൻ.സി.ബിയെ സമീപിക്കാൻ തന്‍റെ സുഹൃത്താണ് നിർദേശിച്ചത്. ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലക്കാണ് അവരെ സമീപിച്ചത്. എൻ.സി.ബിക്കും ഇതുസംബന്ധിച്ച ചെറിയ വിവരം ഉണ്ടായിരുന്നെങ്കിലും വിശദമായ വിവരം നൽകിയത് ഞങ്ങളാണ്. ഒക്ടോബർ രണ്ടിന് റെയ്ഡ് നടപ്പാക്കുമ്പോൾ ഞങ്ങളും ഒപ്പമുണ്ടായിരുന്നു.
ഞാൻ എൻ.സി.ബി ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നെങ്കിലും പ്രതിയെ പിടിച്ച് നടക്കുന്നതായി തോന്നിയത് ഇടുങ്ങിയ വഴിയായതിനാലാണ്. ഇക്കാര്യത്തിൽ മന്ത്രി നവാബ് മാലിക് വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഭനുഷാലി പറഞ്ഞു. ഷാരൂഖ് ഖാന്‍റെ മകൻ പാർട്ടിയിൽ ഉണ്ടായിരുന്നുവെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു. എൻ.സി.ബി മുംബൈ ഡയറക്ടർ സമീർ വാങ്കഡെ മികച്ച ഉദ്യോഗസ്ഥനാണെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും മനീഷ് ഭനുഷാലി പറഞ്ഞു.
എൻ.സി.ബി അറസ്റ്റ് ചെയ്ത ആര്യൻ ഖാനോടൊപ്പം കപ്പൽ ടെർമിനലിൽ കിരൺ ഗോസാവി എന്നയാൾ നിൽക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. ഇത് വിവാദമായതോടെ ഇയാൾ തങ്ങളുടെ അംഗമല്ലെന്ന വിശദീകരണം എൻ.സി.ബി നൽകിയിരുന്നു. ഇയാളെ കുറിച്ചും കഴിഞ്ഞ ദിവസം നവാബ് മാലിക് സംശയം പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.