ജനങ്ങളുടെ പ്രതിഷേധം ഫലം കണ്ടു, ഷെഹീൻബാഗിലെ ബുൾഡോസർ നടപടി നിർത്തിവെച്ചു

ന്യൂഡൽഹി: വൻ പ്രതിഷേധത്തെ തുടർന്ന് ഡൽഹി ഷെഹീൻബാഗിലെ പൊളിക്കൽ നടപടികൾ താൽകാലികമായി നിർത്തിവെച്ചു. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനാണ് ഇടിച്ചുനിരത്താൻ നടപടി നിർത്തിവെച്ചത്.

കെട്ടിടങ്ങളും വീടുകളും ഇടിച്ചുനിരത്തുന്നതിനെതിരെ വൻ പ്രതിഷേധമാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ ഷെഹീൻബാഗിൽ അരങ്ങേറിയത്. നിലത്തു കിടന്നു പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ കോർപറേഷൻ കൊണ്ടുവന്ന ബുൾഡോസർ തടയുകയും ചെയ്തിരുന്നു.

ഇതിനിടെ, കോർപറേഷന്‍റെ പൊളിക്കൽ നടപടി അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ജസ്റ്റിസ് നാഗേശ്വർ റാവുവിന്‍റെ ബെഞ്ചിന്‍റെ മുമ്പാകെ വിഷയം അവതരിപ്പിക്കാൻ ചീഫ് ജസ്റ്റിസ് അഭിഭാഷകർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ആം ആദ്മി എം.എൽ.എ അമാനത്തുല്ല ഖാൻ ഷെഹീൻബാഗ് സന്ദർശിച്ചു. പ്രദേശത്ത് അനധികൃത നിർമാണമില്ലെന്ന് എം.എൽ.എ വ്യക്തമാക്കി. തന്റെ അഭ്യർഥനയെ തുടർന്ന് പ്രദേശത്തെ ജനങ്ങൾ നേരത്തെ തന്നെ കൈയേറ്റങ്ങൾ നീക്കം ചെയ്തിരുന്നു. കൈയേറ്റം നീക്കാനുള്ള കോർപറേഷന്‍റെ നടപടിക്ക് താൻ തടസം നിൽക്കുന്നുവെന്ന് വരുത്തിതീർക്കാനാണ് ബുൾഡോസറുമായി എത്തിയതെന്നും അമാനത്തുല്ല ഖാൻ ആരോപിച്ചു. 

ഡൽഹി ജഹാംഗീർപുരിക്ക് പിന്നാലെയാണ് ഷെഹീൻബാഗിലും ഇടിച്ചുനിരത്താൻ നീക്കം സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്‍ നടത്തിയത്. കോർപറേഷന്‍റെ അതിന്റെ ജോലി ചെയ്യുമെന്ന് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്‍ സെൻട്രൽ സോൺ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജ്പാൽ വാർത്താ ഏജൻസി എ.എൻ.ഐയോട് പറഞ്ഞു. തൊഴിലാളികളും ഉദ്യോഗസ്ഥരും ബുൾഡോസറുകളും തയാറാണ്. തുഗ്ലക്കാബാദ്, സംഗം വിഹാർ, ന്യൂ ഫ്രണ്ട്സ് കോളനി, ഷഹീൻ ബാഗ് എന്നിവിടങ്ങളിലെ കൈയേറ്റങ്ങൾ നീക്കം ചെയ്യുമെന്നും രാജ്പാൽ വ്യക്തമാക്കി.

കോർപറേഷൻ നടപടിക്ക് പിന്തുണ നൽകി സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, പ്രദേശത്ത് അനധികൃത കൈയേറ്റങ്ങളില്ലെന്ന് പ്രദേശത്തെ കൗൺസിലർ വസീബ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ജഹാംഗീർപുരി സി ബ്ലോക്കിലെ മുസ് ലിം പള്ളിയുടെ മുൻഭാഗവും കടകളും കെട്ടിടങ്ങളും സുപ്രീംകോടതി ഉത്തരവ് ലംഘിച്ചും ബി.ജെ.പി ഭരിക്കുന്ന വടക്കൻ ഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ നേതൃത്വത്തിൽ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചു മാറ്റിയിരുന്നു. പൊളിക്കൽ തുടങ്ങിയ ഉടൻ അത് തടഞ്ഞ് സുപ്രീംകോടതി ഉത്തരവിറങ്ങിയെങ്കിലും ഒന്നര മണിക്കൂർ നേരം പൊളിക്കൽ തുടരുകയായിരുന്നു.

ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞവരുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ആദേശ് ഗുപ്ത നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് നൽകുന്നതടക്കം പാലിക്കാതെ ഒമ്പത് ബുൾഡോസറുകൾ ജഹാംഗീർ പുരി സി ബ്ലോക്കിൽ എത്തിയത്.

ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവെ, സഞ്ജയ് ഹെഗ്ഡെ എന്നിവരും വൃന്ദ കാരാട്ടിന്‍റെ അഭിഭാഷകനായ അഡ്വ. സുരേന്ദ്ര നാഥും വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് പിന്നാലെ സുപ്രീംകോടതി തൽസ്ഥിതി തുടരാൻ ഉത്തരവിട്ടു. ജഹാംഗീർപുരി പള്ളിയുടെ മുൻഭാഗവും ഇരുവശത്തുമുള്ള ഭൂരിഭാഗം കടകളും ഹിന്ദു സമുദായത്തിൽപ്പെട്ട മൂന്നു പേരുടെ കടകളും കോടതിയുടെ ഉത്തരവ് വന്നശേഷമാണ് പൊളിച്ചുമാറ്റിയത്.

Tags:    
News Summary - Demolition Drive On Hold In Delhi's Shaheen Bagh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.