ന്യൂഡൽഹി: അനുനായിയെ കൊലപ്പെടുത്തിയ കേസിൽ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ഗുർമീത് റാം റഹിം സിങ് കുറ്റക്കാരനെന്ന് സി.ബി.ഐ കോടതി. അനുയായിയായ രഞ്ജീത് സിങ്ങിന്‍റെ കൊലപാതകത്തിലാണ് ഗുർമീത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ഗുർമീതും മറ്റു അഞ്ചുപ്രതികളും കുറ്റക്കാരനാണെന്ന് പഞ്ച്ഗുള സി.ബി.ഐ കോടതി കണ്ടെത്തി. ഒക്ടോബർ 12ന് ശിക്ഷ വിധിക്കും.
രണ്ട് സന്യാസിനിമാരെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് വിവാദ ആൾദൈവം. 2017 ആഗസ്റ്റിലാണ് സി.ബി.ഐ കോടതി ബലാത്സംഗകേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2002 ജൂലൈ പത്തിനായിരുന്നു രഞ്ജീത് സിങ്ങിന്‍റെ കൊലപാതകം. നാലുപേർ ചേർന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുർമീതിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സംഭവം.
പത്രപ്രവർത്തകനായ രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകത്തിൽ 2019 ജനുവരിയിൽ ഗുർമീതിനെയും മറ്റ് മൂന്നുപേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഗുർമീത് തന്‍റെ ആശ്രമത്തിൽ സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുന്നുവെന്ന അജ്ഞാത കത്ത് രാമചന്ദ്ര പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു കൊലപാതകം.
2002 മുതൽ ബലാത്സംഗം, കൊലപാതകം തുടങ്ങിയ പരാതികൾ ഗുർമീതിനെതിരെ ഉയർന്നുവന്നിരുന്നു. ആൾദൈവം എന്നതിന് ഉപരി സിനിമ മേഖലയിലും ഗുർമീത് പേരെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.