മ​ദ്രസകൾ നശിപ്പിച്ചാൽ ഹിന്ദുത്വക്ക്​ പകുതിപ്പണി എളുപ്പമാകും -ബി.ജെ.പി എം.എൽ.എ

രാജ്യത്തെ മ​ദ്രസകൾ നശിപ്പിച്ചാൽ ഹിന്ദുത്വക്ക്​ പകുതിപ്പണി എളുപ്പമാകുമെന്ന്​ ബി.ജെ.പി എം.എൽ.എ ടി. രാജ സിങ്. ഹരിയാനയിലെ ഹിസാറിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാജ സിങ്. ഹിന്ദുരാഷ്ട്രത്തിന്​ എതിരുനിൽക്കുന്നവരുടെ തലയെടുക്കാൻ താൻ സ്വയം രംഗത്തിറങ്ങുമെന്നും ബി.ജെ.പി നേതാവ്​ പറഞ്ഞു. വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ തെലങ്കാന എം.എൽ.എയാണ്​ രാജ സിങ്​. ഇയാളെ ബി.ജെ.പി കുറച്ചുനാൾമുമ്പ്​ സസ്​പെൻഡ്​ ചെയ്തിരുന്നു.

രാജാ സിങിന്‍റെ പ്രസംഗത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. എല്ലാ ഹിന്ദുക്കളോടും ലൗ ജിഹാദികൾക്കെതിരെ പ്രതിജ്ഞയെടുക്കാനും രാജ സിങ് ആവശ്യപ്പെട്ടു. ഹിന്ദുത്വം എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും ഭാരതം ഹിന്ദു രാജ്യമാക്കുമെന്നും അത് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും വിഡിയോയിൽ പറയുന്നു. മുസ്ലീം മദ്രസകളിൽ തോക്കുകൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നുണ്ട്​. കല്ലെറിയുന്നതിനും മറ്റുള്ളവരെ കൊള്ളയടിക്കുന്നതിനുമുള്ള പരിശീലനവും നൽകുന്നു. തന്റെ സംസ്ഥാനത്തെ മദ്രസ പ്രവർത്തനങ്ങൾ തടയുന്നതിലൂടെ അസം മുഖ്യമന്ത്രി മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും രാജ സിങ്​ ചൂണ്ടിക്കാട്ടി.

‘അഞ്ച് വയസ്സ് മുതൽ മുസ്ലീം കുട്ടികൾക്ക് പാർലമെന്റ് ആക്രമിക്കാനും ബോംബുകൾ സ്ഥാപിക്കാനും മറ്റ് വിനാശകരമായ പ്രവർത്തനങ്ങൾ നടത്താനും പരിശീലനം നൽകുന്നുണ്ട്​. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കിയാൽ മാത്രമേ ഹിന്ദു കുട്ടികൾ അഭിമാനത്തോടെ രാജ്യത്ത് നടക്കൂവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സസ്​പെൻഷൻ പിൻവലിച്ച് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്നെ സ്ഥാനാർഥിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് രാജ സിങ് നേരത്തേ പറഞ്ഞിരുന്നു. തന്റെ സസ്‌പെൻഷൻ പിൻവലിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനിച്ചാൽ ഒരു ‘സെക്കുലർ’ പാർട്ടിയിലും ചേരില്ലെന്നും ഹിന്ദു രാഷ്ട്രത്തിനായി പ്രവർത്തിക്കുമെന്നും എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയുടെ പേരിലാണ് ഗോഷാമഹൽ നിയോജക മണ്ഡലം എംഎൽഎയായ രാജ സിങ്ങിനെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തത്. ‘സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കില്ല. ബി.ആർ.എസിൽ ചേരുകയുമില്ല. സസ്പെൻഷൻ ബി.ജെ.പി ഉടൻ പിൻവലിക്കുമെന്നും തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോഷാമഹൽ മണ്ഡലത്തിൽ നിന്ന് ബി.ജെ.പിയുടെ ടിക്കറ്റിൽ മത്സരിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ’ -രാജാ സിങ് പറഞ്ഞു.

Tags:    
News Summary - Destroying madrasas will do half the job for Hindutva: Raja Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.