ഐസ്വാൾ: 1987ൽ രൂപവത്കൃതമായതുമുതൽ മിസോ നാഷനൽ ഫ്രണ്ടും കോൺഗ്രസും മാറിമാറി ഭരിച്ചിരുന്ന മിസോറമിന്റെ ഭാവി ഇത്തവണ നിർണയിക്കുക സോറം പീപിൾസ് മൂവ്മെന്റ് എന്ന പുതിയ പാർട്ടി. തദ്ദേശ തെരഞ്ഞെടുപ്പിൽ കണക്കുകൂട്ടലുകൾ തെറ്റിച്ച മുന്നേറ്റമാണ് ഈ പാർട്ടി നടത്തിയത്. സൊറംതങ്കയുടെ നേതൃത്വത്തിൽ മിസോ നാഷനൽ ഫ്രണ്ട് രണ്ടാമൂഴം തേടുമ്പോൾ നാലുതവണ സംസ്ഥാനം ഭരിച്ച കോൺഗ്രസ് ഒരിക്കൽ കൂടി അധികാരത്തിനായി ആഞ്ഞുശ്രമിക്കുകയാണ്. മ്യാന്മർ, ബംഗ്ലാദേശ്, മണിപ്പൂർ അഭയാർഥികൾക്കായി നടപ്പാക്കിയ പദ്ധതികളും സർക്കാറിന്റെ സാമൂഹിക-സാമ്പത്തിക വികസന നയത്തിലൂന്നിയ ധനസഹായവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മിസോ നാഷനൽ ഫ്രണ്ട്.
2018ൽ ആകെ 40 സീറ്റിൽ 26 എണ്ണം നേടിയാണ് കോൺഗ്രസിനെ പുറത്താക്കി മിസോ നാഷനൽ ഫ്രണ്ട് അധികാരത്തിലെത്തിയത്. 30 ശതമാനം വോട്ട് നേടിയെങ്കിലും കോൺഗ്രസ് അഞ്ച് സീറ്റിലൊതുങ്ങി. പുതിയ പ്രസിഡന്റ് ലാൽസാവ്തയുടെ നേതൃത്വത്തിൽ ചെറുപ്പക്കാരെ ആകർഷിച്ച് ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. എന്നാൽ, സോറം പീപിൾസ് മൂവ്മെന്റിന്റെ സ്വാധീനം വർധിക്കുന്നത് ഇരുപാർട്ടികൾക്കും വെല്ലുവിളിയാണ്. സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയസംസ്കാരം രൂപപ്പെടുത്താനാണ് പദ്ധതിയെന്ന് സോറം പീപിൾസ് മൂവ്മെന്റ് വർക്കിങ് പ്രസിഡന്റ് കെ. സാപ്ദാങ്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.