ദേവസഹായംപിള്ള ഇനി വിശുദ്ധൻ, റോമിൽ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപനം നടത്തി

റോം: ക്രിസ്തുമതം സ്വീകരിച്ചതിന്‍റെ പേരിൽ രക്തസാക്ഷിത്വം വരിച്ച കന്യാകുമാരി നട്ടാലം സ്വദേശി ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഞായറാഴ്ച ഉച്ചക്ക്​ 1.30ന്​ (ഇന്ത്യൻ സമയം) വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായുള്ള പ്രഖ്യാപനം നടത്തിയത്.

ദേവസഹായം പിള്ളയടക്കം അഞ്ച്​ വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചത്. ഇതോടെ സാധാരണക്കാരിൽ നിന്ന് വിശുദ്ധനാകുന്ന ആദ്യ വ്യക്തിയായി ദേവസഹായംപിള്ള. 2012 ഡിസംബർ രണ്ടിനാണ് ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനാക്കിയത്. നാഗർകോവിൽ കോട്ടാർ സെന്റ് സേവിയേഴ്സ് ദേവാലയത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്.

വിശുദ്ധ പ്രഖ്യാപനത്തോട് അനൂബന്ധിച്ച് കോട്ടാർ, കുഴിത്തുറ രൂപതകൾക്കു കീഴിലെ ദേവാലയങ്ങളിൽ വെള്ളിയാഴ്ച മുതൽ പ്രാർഥന തുടങ്ങിയിരുന്നു. ദേവസഹായത്തെ വിശുദ്ധനാക്കിയതിന്റെ ആഘോഷവും കൃതജ്ഞത ബലിയും ആരുവാമൊഴിക്കു സമീപം കാറ്റാടി മലയിലെ ദേവാലയത്തിൽ ജൂൺ അഞ്ചിന് ഉച്ചക്ക്​ 2.30ന്​ തുടങ്ങും. ഇതിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും.

ചടങ്ങിൽ മാർപാപ്പയുടെ ഇന്ത്യയിലെ അപ്പോസ്തലിക് ദൂതൻ ലിയോ പോൾടോ ജിരല്ലി അധ്യക്ഷത വഹിക്കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്​ കർദിനാൾ ജോർജ് ആലഞ്ചേരി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കും.

കന്യാകുമാരി ജില്ലയിൽ നട്ടാലത്ത്​ ഹിന്ദു നായർ കുടുംബത്തിൽ 1712 ഏപ്രിൽ 23 നാണ്​ ജനിച്ച നീലകണ്ഠപിള്ളയാണ് പിൽക്കാലത്ത് ക്രിസ്തുമതം സ്വീകരിച്ച് ദേവസഹായം പിള്ളയായത്. മാർത്താണ്ഡ വർമ രാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോ​ഗസ്ഥനായിരുന്നു. ഒരു ഡച്ച് ഉദ്യോ​ഗസ്ഥനുമായുള്ള സംഭാഷണത്തിലാണ് കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും തുടർന്ന് ക്രിസ്തുമതം സ്വീകരിക്കുന്നതും. ബുട്ടാരി എന്ന ഈശോ സഭ വൈദികനിൽ നിന്നും 1745 മേയ് 17ന് ജ്ഞാനസ്നാനം ചെയ്​ത്​ ദേവസഹായം പിള്ള ലാസറസ് എന്ന നാമം സ്വീകരിച്ചു.

പ്രഭാഷണങ്ങളിൽ അദ്ദേഹം ജാതി വിവേചനങ്ങൾക്ക് അതീതമായി എല്ലാ പേരിലും സമത്വം ഉണ്ടാകാൻ ആഗ്രഹിച്ചു. ഇക്കാരണത്താൽ അദ്ദേഹം 1749ൽ അറസ്റ്റ് ചെയ്യപ്പെട്ടു. രാജാവിന്‍റെ നിർദേശ പ്രകാരം 1752 ജനുവരി നാലിന് അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിശ്വാസം. 2012 ഡിസംബർ 2ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്.

Tags:    
News Summary - Devasahayam Pillai becomes 1st Indian layman to be declared saint by Pope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.