അറബിക്കടലിലെ പവിഴത്തുരുത്തുകളായിരുന്ന ലക്ഷദ്വീപ് ഇന്ന് സംഘർഷഭരിതമാണ്. സ്വസ്ഥമായും സമാധാനപരമായും ജീവിച്ചുകൊണ്ടിരുന്ന ഒരു ജനസമൂഹം ഇന്ന് നിലനിൽപ്പു തന്നെ പ്രതിസന്ധിയിലാകുന്ന സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. കേന്ദ്ര ഭരണത്തിന് കീഴിലെ നിക്ഷിപ്ത താൽപര്യങ്ങളും, സംഘ്പരിവാറിന്‍റെ വർഗീയ അജണ്ടയും, ജനതയെ വിസ്മരിച്ച് കച്ചവടം നടത്താനായി മാത്രം ഒരു അഡ്മിനിസ്ട്രേറ്ററും കൂടിയായപ്പോൾ ദ്വീപ് ഇന്ന് കടലിലെ ഒരു കണ്ണീർതുള്ളിയാണ്. ലക്ഷദ്വീപിലെ ജനങ്ങളെ അറിഞ്ഞുകൊണ്ടായിരുന്നു മുൻകാല അഡ്മിനിസ്ട്രേറ്റർമാർ പ്രവർത്തിച്ചിരുന്നത് എങ്കിൽ, ഇന്ന് വികസനത്തിന്‍റെ പേരിൽ പരമാവധി ജനദ്രോഹം ചെയ്യുകയെന്നാണ് കേന്ദ്രം നിയോഗിച്ച പുതിയ അഡ്മിനിസ്ട്രേറ്ററുടെ ലക്ഷ്യം. ലക്ഷദ്വീപിന് വികസനം വേണമെന്നും, എന്നാൽ അത് ബി.ജെ.പിയുടെ സങ്കൽപ്പത്തിലുള്ള വികസനമല്ലെന്നും പറയുകയാണ് മുൻ അഡ്മിനിസ്ട്രേറ്റർ വജാഹത്ത് ഹബീബുല്ല.
വജാഹത്ത് ഹബീബുല്ല പറയുന്നു -70 വർഷമായി വികസനമൊന്നും ഉണ്ടായില്ലെന്ന് പറഞ്ഞാണ് ദാദ്രാ ആൻഡ് നാഗർ ഹവേലി, ദാമൻ ദിയു അഡ്മിനിസ്ട്രേറ്ററെ 2020 ഡിസംബറിൽ ലക്ഷദ്വീപിൽ നിയമിച്ചത്. ഗോവധ നിരോധനം, കുറ്റകൃത്യങ്ങളില്ലാത്ത ദ്വീപിൽ ഗുണ്ടാനിയമം, 11 കി.മീ മാത്രം റോഡ് ദൈർഘ്യമുള്ള ദ്വീപിൽ റോഡ് വീതികൂട്ടൽ, ഗോത്ര ഉടമസ്ഥാവകാശത്തെ ദുർബലപ്പെടുത്തുന്ന കരട് നിയമം എന്നിവയെല്ലാമാണ് അഡ്മിനിസ്ട്രേറ്റർ നടപ്പാക്കാനുദ്ദേശിക്കുന്നത്. മദ്യ നിരോധനം ഒഴിവാക്കാൻ പോകുന്നു. പ്രഫുൽ പട്ടേൽ ചുമതലയേറ്റ ശേഷം ക്വാറന്‍റീൻ വ്യവസ്ഥകൾ ലഘൂകരിച്ചത് ദ്വീപിനെ കോവിഡ് കേന്ദ്രമാക്കി. നേരത്തെ, ഒരു രോഗി പോലും ദ്വീപിൽ ഉണ്ടായിരുന്നില്ല.
36 പവിഴദ്വീപുകൾ അടങ്ങിയതാണ് ലക്ഷദ്വീപ് സമൂഹം. 1956 മുതൽ കേന്ദ്രഭരണ പ്രദേശമാണ്. 10 ദ്വീപുകളിലാണ് ജനവാസമുള്ളത്. 32 ചതുരശ്ര കിലോമീറ്റർ സ്ഥലത്തായി 66,000ത്തോളം പേരാണ് അധിവസിക്കുന്നത്. മത്സ്യസമ്പത്താൽ സമ്പന്നമായ ദ്വീപിൽ മലയാളവും മഹലും സംസാരിക്കുന്നു. സ്ത്രീകൾക്ക് അധികാരമുള്ള കൂട്ടുകുടുംബമായാണ് 1990 വരെ കുടുംബങ്ങൾ കഴിഞ്ഞിരുന്നത്. 1987 മുതൽ 90 വരെയായിരുന്നു ഞാൻ അവിടെ അഡ്മിനിസ്ട്രേറ്ററായി ഉണ്ടായിരുന്നത്.
1988ൽ ഇന്ത്യയിലെ ദ്വീപ് സമൂഹങ്ങളുടെ വികസനത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ട സമിതി അതിനായി ഒരു ചട്ടക്കൂട് തയാറാക്കി. 1989ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആറ് പ്രധാനനിർദേശങ്ങളുണ്ടായിരുന്നു. അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ എന്‍റെ കാലാവധി അവസാനിക്കുമ്പോൾ, സ്വന്തമായി എയർപോർട്ട്, വളർന്നു വരുന്ന ടൂറിസം മേഖല, ബംഗാരത്ത് അന്താരാഷ്ട്ര ടൂറിസം കേന്ദ്രം എന്നിവയുണ്ടായിരുന്നു.
ഭരണഘടനാപരമായി ഭൂവുടമത്വം സംരക്ഷിക്കപ്പെട്ടിരിക്കുന്ന ട്രൈബൽ വിഭാഗമാണ് ലക്ഷദ്വീപിലേത്. മഴവെള്ള സംഭരണം എല്ലാ ദ്വീപിലെയും സർക്കാർ കെട്ടിടങ്ങളിൽ അന്നുണ്ടായിരുന്നു. ഇന്ന് എല്ലാ വീടുകളിലും ആ സൗകര്യമുണ്ട്. സൗരോർജ ഉപയോഗത്തിലും ലക്ഷദ്വീപ് വളരെ മുമ്പേ മുന്നിലായിരുന്നു. എല്ലാ ദ്വീപുകളും ഹെലികോപ്ടറാലും ഹൈസ്പീഡ് ബോട്ടുകളാലും ബന്ധപ്പെട്ടിരുന്നു. ഓഷ്യനോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഒരു പഠനം മണ്ണൊലിപ്പ് തടയുന്ന വിധത്തിൽ ട്രൈപ്പോഡുകളെ രൂപകൽപ്പന ചെയ്യുന്നതിലും ശുദ്ധജല സംരക്ഷണം ഉറപ്പുവരുത്തുന്നതിലും സഹായകമായി.
വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും ലക്ഷദ്വീപ് മുന്നിലായിരുന്നു. കട്മത്ത് ദ്വീപിൽ ബിരുദ കോളജ് സ്ഥിതി ചെയ്യുന്നു. രാജ്യത്തെ ആദ്യ നവോദയ സ്കൂളുകളിലൊന്ന് മിനിക്കോയ് ദ്വീപിലായിരുന്നു. ആദ്യമായി ഫാക്സ് യന്ത്രം എത്തിയ സർക്കാർ ഓഫിസുകളിലൊന്നായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ ഓഫിസ്. 1990ഓടെ എല്ലാ ദ്വീപുകളിലും കമ്പ്യൂട്ടർ ഉണ്ടായിരുന്നു. ലോകബാങ്ക് നിഷ്കർഷിച്ച ദാരിദ്രരേഖക്ക് അൽപ്പം മുകളിലായിരുന്നു ഇവിടുത്തെ പരിധി. ഇന്നവിടെ ദരിദ്രരില്ല.
2020 ജനുവരിയിൽ കേന്ദ്ര സർക്കാർ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ലക്ഷദ്വീപിലെ ടൂറിസം സാധ്യതകളെ വികസിപ്പിക്കാൻ പദ്ധതികൊണ്ടുവന്നു. സമുദ്രോൽപ്പന്നങ്ങളും തേങ്ങയും കയറ്റുമതി ചെയ്യാൻ പദ്ധതി കൊണ്ടുവന്നു. അഞ്ച് ദ്വീപുകളിൽ ഇത് നടപ്പാക്കിത്തുടങ്ങി. എന്നാൽ, നിക്ഷേപകർക്ക് സമ്പത്ത് വർധിപ്പിക്കാനുള്ള ഉപാധിയായല്ല ലക്ഷദ്വീപിനെ അന്താരാഷ്ട്ര ടൂറിസം മേഖലക്ക് തുറന്നുകൊടുക്കേണ്ടത്. ദ്വീപിലെ ജനതയുടെ വളർച്ച ലക്ഷ്യമിട്ടാകണം. മാലദ്വീപ് മോഡൽ അല്ല ലക്ഷദ്വീപിൽ വേണ്ടത്. ജനങ്ങളെ കേന്ദ്രീകരിച്ചാവണം. ദുർബലമാകുന്ന പവിഴദ്വീപുകളെ സംരക്ഷിച്ചാവണം.
സ്കൂബ, സീ ഡൈവിങ് തുടങ്ങിയ ഇനങ്ങളിൽ പ്രാദേശിക യുവാക്കൾക്ക് പരിശീലനം നൽകുന്നത് വാട്ടർസ്പോർട്സ് മേഖലയുടെ നട്ടെല്ലാകും. ലക്ഷദ്വീപിന്‍റെ സംരക്ഷണത്തിനായി വ്യക്തമായ ഒരു വികസന നയം ആവശ്യമാണ്. ഇന്ന് മത്സ്യബന്ധന മേഖല വ്യാപിച്ചുവെങ്കിലും വരുമാനത്തിലുള്ള അസമത്വം വർധിച്ച തൊഴിലവസരങ്ങൾ, മത്സ്യബന്ധനം, ശുചീകരണം, മാലിന്യനിർമാജനം, ശുദ്ധജല ലഭ്യത എന്നിവ വികസിക്കേണ്ടതുണ്ടെന്ന് സർക്കാർ തിരിച്ചറിയുന്നത് അംഗീകരിക്കുന്നു. എന്നാൽ, ഇവക്ക് പ്രഫുൽ പട്ടേൽ അവതരിപ്പിച്ച പദ്ധതികളല്ല വേണ്ടത്.
ബംഗാരം ഉൾപ്പെടെയുള്ള റിസോർട്ടുകൾ അടച്ചതോടെ ടൂറിസത്തിൽ നിന്നുള്ള വരുമാനം കുറഞ്ഞു. പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ച്, വിശാലമായ കൂടിയാലോചനകൾക്ക് ശേഷം, നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടി പരിഗണിച്ചുള്ള ഒരു നയം സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിന് ആവശ്യമാണ്.
ലക്ഷദ്വീപിലെ ജനങ്ങളല്ല, തങ്ങളുടെ താൽപര്യങ്ങൾ നടക്കില്ലെന്ന് കാണുന്ന ചിലരാണ് കരട് നിയമങ്ങളെ എതിർക്കുന്നതെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞതായി കാണുന്നു. എന്നാൽ, പട്ടേൽ ലക്ഷദ്വീപിലെ ജനങ്ങളോട് ചോദിക്കാതെ എങ്ങനെ അവർക്ക് എതിർപ്പില്ലെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.