സഞ്ജയ് റാവുത്തും ഫഡ്നാവിസും തമ്മിൽ രഹസ്യ കൂടിക്കാഴ്ച; രാഷ്ട്രീയമില്ലെന്ന് ബി.ജെ.പി

മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസും ശിവസേന നേതാവ് സഞ്ജയ് റാവുത്തും കൂടിക്കാഴ്ച നടത്തി. മുംബൈയിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മുൻ സഖ്യത്തിലെ നേതാക്കൾ രഹസ്യമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ അഭ്യൂഹങ്ങൾ ഉയർത്തിയിട്ടുണ്ട്.

അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് ബി.ജെ.പി പിന്നീട് വിശദീകരിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്നക്കു വേണ്ടി ഫഡ്നാവിസുമായി സഞ്ജയ് റാവുത്ത് അഭിമുഖം നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായാണ് ഇരുവരും കണ്ടതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് കേശവ് ഉപാധ്യായ ട്വീറ്റ് ചെയ്തു.

ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ശേഷം അഭിമുഖം നടത്താമെന്ന് ഫഡ്നാവിസ് സഞ്ജയ് റാവുത്തിന് ഉറപ്പു നൽകിയെന്നും ഉപാധ്യായ പറഞ്ഞു.

മഹാരാഷ്ട്രയിലെ സഖ്യം ഉപേക്ഷിച്ചതിന് ശേഷം ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുമെതിരെ പലപ്പോഴും ശക്തമായ വിമർശനം ശിവസേന ഉയർത്തിയിരുന്നു. ഇരു കക്ഷികൾക്കുമിടയിൽ മഞ്ഞുരുകലിന്‍റെ മുന്നോടിയാണോ കൂടിക്കാഴ്ചയെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിച്ച ശേഷമാണ് ബി.ജെ.പിയും സേനയും തമ്മിലടിച്ചത്. തുടർന്ന്, കോൺഗ്രസും എൻ.സി.പിയുമായി കൈകോർത്ത് ശിവസേന സർക്കാർ രൂപീകരിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.