മുംബൈ: നാളുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ മഹായുതി സഖ്യം ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകീട്ട് മുംബൈയിലെ ആസാദ് മൈതാനത്തിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും ബി.ജെ.പി നേതാക്കള്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും മാത്രമേ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യു. ഉച്ചക്ക് 3.30ന് ഫഡ്നാവിസും ഷിൻഡെയും അജിത് പവാറും ഗവർണർ സി.പി. രാധാകൃഷ്ണനെ കാണ്ട് സർക്കാർ രൂപവൽകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.
ബി.ജെ.പി നിയമസഭ കക്ഷിയോഗത്തിൽ ചന്ദ്രകാന്ത് പാട്ടീൽ ആണ് മുഖ്യമന്ത്രിയായി ഫഡ്നാവിസിന്റെ പേര് നിർദേശിച്ചത്. മറ്റുള്ളവർ അത് ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു.
മഹാരാഷ്ട്ര നിയമസഭ ഫലം പുറത്ത്‍വന്ന് 11 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ ധാരണയുണ്ടാക്കാൻ സാധിച്ചത്.ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്റെ കടുംപിടിത്തമായിരുന്നു അനിശ്ചിതത്വത്തിന്റെ പ്രധാന കാരണം. ഫഡ്നാവിസിന് മുഖ്യമന്ത്രി പദം നൽകണമെന്ന നിർദേശം ബി.ജെ.പിക്കിടയിൽ നിന്ന് വന്നപ്പോൾ മുതൽ ഷിൻഡെ അതിന് ഉടക്കിട്ടു. ഒരുനിലക്കും വിജയിക്കില്ലെന്ന് കണ്ടപ്പോൾ മുഖ്യമന്ത്രിപദം ബിഹാറിലേതു പോലെ പങ്കുവെക്കണമെന്നും ഷിൻഡെ നിർദേശിക്കുകയുണ്ടായി. എന്നാൽ സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ബി.ജെ.പി ഒരാവശ്യത്തിനും വഴങ്ങാതായതോടെ അവർ മുന്നോട്ടുവെച്ച ഉപമുഖ്യമന്ത്രി പദവി സ്വീകരിക്കുകയല്ലാതെ ഷിൻഡെക്കു മുന്നിൽ മറ്റ് വഴികളില്ലാതായി. ഫഡ്നാവിസ് കൈവശം വെച്ചിരുന്ന ആഭ്യന്തരത്തിലായി പിന്നീട് ഷിൻഡെയുടെ നോട്ടം.
ഫഡ്നാവിസുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ഷിൻഡെ കടുംപിടിത്തത്തിൽ അയവു വരുത്തിയത്. പുതിയ സർക്കാറിൽ ഉപമുഖ്യമന്ത്രിയാകണമെന്ന നിർദേശം ഏറെ സമ്മർദങ്ങൾക്കൊടുവിൽ ഷിൻഡെ അംഗീകരിക്കുകയും ചെയ്തു.
നവംബർ 23നാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 288 അംഗ സഭയിലെ 230 സീറ്റും നേടിയാണ് മഹായുതി സഖ്യം ഭരണം നിലനിർത്തിയത്. 132 സീറ്റ് നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേന 57ഉം, എൻ.സി.പി 41 ഉം സീറ്റുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.