മുംബൈ: കിഴക്കൻ മുംബൈയിലെ കുർളയിൽ നടന്ന സമ്മേളനത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ. ഏകാധിപത്യം രാജ്യത്തിന്റെ പടിവാതിൽക്കൽ എത്തിയെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഉദ്ധവ് പറഞ്ഞു.
രാജ്യം ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ആരാണ് രാജ്യത്തെ രക്ഷിക്കുക? ഇത്തവണ തെറ്റ് ചെയ്താൽ രാജ്യത്ത് ഏകാധിപത്യമാകും ഉണ്ടാകുക. രാജ്യത്തിന് സ്വാതന്ത്ര്യം വേണം. നമ്മൾ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ ഈ സ്വാതന്ത്ര്യം നിലനിർത്താൻ നമ്മൾ പോരാടേണ്ടിയിരിക്കുന്നു. എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും. രാജ്യത്ത് ആശയക്കുഴപ്പത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. സ്വേച്ഛാധിപത്യം നമ്മുടെ പടിവാതിൽക്കൽ എത്തിയിരിക്കുന്നു. നമ്മൾ അത് തടയേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ തെറ്റ് വരുത്തരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ജെയിൻ സമുദായ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഞാൻ നിങ്ങളിൽനിന്ന് അനുഗ്രഹം തേടി വന്നതാണ്. ഇത് എന്‍റെ വ്യക്തിപരമായ നേട്ടത്തിനല്ല. രാജ്യത്തിന് വേണ്ടി നിങ്ങളുടെ അനുഗ്രഹം തേടാനാണ് ഞാൻ ഇവിടെ വന്നത് -ഉദ്ധവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.