മുംബൈ: ഫെബ്രുവരി 12ന് ഉച്ചക്ക് 12.30നും ഒന്നിനുമിടയിലെ അരമണിക്കൂറിൽ മകന് എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് ഉത്തരം തേടി രമേശ് സോളങ്കിയും കുടുംബവും. ബോംബെ ഐ.ഐ.ടി ഹോസ്റ്റലിന്റെ ഏഴാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത ബി.ടെക് ഒന്നാം വർഷ വിദ്യാർഥി ദർശൻ സോളങ്കിയുടെ പിതാവാണ് രമേശ് സോളങ്കി.
‘‘അന്ന് പരീക്ഷ കഴിഞ്ഞ് ഉച്ചക്ക് 12.30ന് മകൻ വിളിച്ചിരുന്നു. പരീക്ഷ എളുപ്പമായിരുന്നു എന്നാണവൻ പറഞ്ഞത്. രണ്ടുദിവസം കഴിഞ്ഞ് അവൻ മറ്റുള്ള കുടുംബാംഗങ്ങളെ കാണാൻ വരാനിരിക്കുകയായിരുന്നു.
എന്നാൽ, മകനുമായി സംസാരിച്ച് അരമണിക്കൂറിനുശേഷം അവന്റെ മരണ വാർത്തയാണ് കേട്ടത്. ആ അര മണിക്കൂറിൽ മകനെന്താണ് സംഭവിച്ചതെന്ന് ആരും ഞങ്ങൾക്ക് പറഞ്ഞുതരുന്നില്ല’’ -രമേശ് സോളങ്കി പറഞ്ഞു.
മുംബൈയിൽ കോൺഗ്രസ് നേതാക്കളായ ബാലചന്ദ്ര മുൻഗേക്കർ, ഹുസൈൻ ദൽവായി തുടങ്ങിയവർ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു രമേശ് സോളങ്കിയും ഭാര്യയും മകളും മറ്റ് കുടുംബാംഗങ്ങളും.
നിത്യകൂലിക്ക് തൊഴിലെടുക്കുന്ന ഞങ്ങൾക്ക് ഐ.ഐ.ടി എന്താണെന്ന് പോലുമറിയില്ല. അവനത് ഇന്റർനെറ്റിലൂടെ മനസ്സിലാക്കിയിരുന്നു. ഇവിടെ ചേരാൻ അവൻ സ്വയം പ്രയത്നിച്ചു. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടും പ്രവേശനപരീക്ഷ എഴുതി അവനത് സാധിച്ചു. അതിങ്ങനെ അവനെ ഇല്ലാതാക്കുമെന്ന് കരുതിയില്ല -രമേശ് സോളങ്കി പറഞ്ഞു.
മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തലവൻ പട്ടികജാതിയിൽപെട്ട ഉദ്യോഗസ്ഥനാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റുള്ളവർ തന്നെ ഒറ്റപ്പെടുത്തുന്നതായും ജാതി വിവേചനം നേരിടുന്നതായും ദർശൻ പറഞ്ഞതായി സഹോദരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.