കള്ളം, കള്ളത്തിനുമേൽ കള്ളം, പിന്നെയും കള്ളം.... രാജ്യം ഭരിക്കുന്ന പാർട്ടി ഇപ്പോൾ നടത്തുന്ന പ്രധാന രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ആകെത്തുക ഇതാണ്. ചരിത്രത്തെ വളച്ചൊടിച്ച് തങ്ങൾ രാജ്യസ്നേഹികളായിരുന്നുവെന്ന് വരുത്തിത്തീർക്കലാണ് ഇപ്പോഴത്തെ മുഖ്യ ഹോബി. ഈ ഇനത്തിൽ പുതിയ കള്ളവുമായി രംഗത്തുവന്നത് ചില്ലറക്കാരനല്ല, സാക്ഷാൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ്.
ബ്രിട്ടീഷുകാരോട് പലതവണ രേഖാമൂലം മാപ്പ് പറഞ്ഞ് കുപ്രശസ്തനായ ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദർ സവർക്കറെയും പൊക്കിപ്പിടിച്ചാണ് രാജ്നാഥ് സിങ്ങിന്‍റെ വരവ്. സവർക്കറിന്‍റെ മാപ്പിനെ വെളുപ്പിച്ചെടുത്ത് ന്യായീകരിക്കലാണ് ലക്ഷ്യം. സവർക്കറും ഗാന്ധിയും വലിയ ചങ്ങാതിമാരാണെന്നും ഇടയിൽക്കൂടി വരുത്തിത്തീർക്കണം. 1948ൽ ഗോഡ്സെ 'ചെറുതായി ഒന്ന് െവടിവെച്ചുെകാന്നതൊക്കെ' ഈ ചങ്ങാത്തത്തിലെ തമാശക്കഥകളായി 'ഭക്തർ' പിന്നെ കരുതിക്കോളും എന്നാണ് ഉള്ളിലിരുപ്പ്.
'ഹിന്ദുമഹാസഭ നേതാവ് വിനായക് ദാമോദർ സവർക്കറെ കുറിച്ച് തെറ്റായ കാര്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. അദ്ദേഹം ബ്രിട്ടീഷ് സർക്കാരിന് ദയാഹർജികൾ സമർപ്പിച്ചുവെന്ന് വീണ്ടും വീണ്ടും പറയപ്പെടുന്നു. പക്ഷേ, ജയിലിൽ നിന്ന് മോചിപ്പിക്കാൻ അദ്ദേഹം സ്വന്തം നിലക്ക് ദയാഹർജി നൽകിയിട്ടില്ല എന്നതാണ് സത്യം. ജയിൽ മോചിതനാകാൻ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ കൊടുത്തത് മഹാത്മ ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നു. രാജ്യത്തെ മോചിപ്പിക്കാനെന്ന പോലെ സവർക്കറെ മോചിപ്പിക്കാനും ശ്രമം തുടരുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. ജയിലിൽനിന്ന് ഇറങ്ങിയാൽ സവര്‍ക്കര്‍ സമാധാനപരമായി പ്രക്ഷോഭത്തിൽ പങ്കുചേരുമെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു.
സവർക്കർ തികഞ്ഞ ദേശീയവാദിയും സാമൂഹിക പരിഷ്കർത്താവുമായിരുന്നു. മാർക്സിെൻറയും ലെനിെൻറയും ആശയം കൊണ്ടുനടക്കുന്നവരാണ് അദ്ദേഹത്തെ ഫാഷിസ്റ്റായും നാസിയായും ചിത്രീകരിക്കാനാണ് ശ്രമിച്ചത്.
തികഞ്ഞ ദേശഭക്തനായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ രണ്ടു തവണയാണ് ജയിലിലടച്ചത്. സവര്‍ക്കര്‍ ഒരു വ്യക്തിയല്ല, മറിച്ച് ഒരാശയമാണെന്നാണ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നേരത്തെ പറഞ്ഞത്. 2003ൽ സവർക്കറുടെ ചിത്രം പാർലമെൻറിൽ വെച്ചപ്പോൾ മുൻപ്രധാനമന്ത്രി ചന്ദ്രശേഖർ ഒഴികെ എല്ലാവരും ചടങ്ങ് ബഹിഷ്കരിച്ചു. പോർട്ട്ബ്ലെയറിൽ വെച്ച ഫലകം അന്നത്തെ സർക്കാർ നീക്കി.
സവർക്കറെ അവഗണിക്കുന്നതും അപമാനിക്കുന്നതും ക്ഷമിക്കാനാവില്ല. തെറ്റായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കപ്പെട്ടതുകൊണ്ട് ജനങ്ങൾക്ക് ശരിയായ വിധത്തിൽ അദ്ദേഹത്തെ മനസ്സിലാക്കാനായിട്ടില്ല. സവര്‍ക്കര്‍ രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം സാംസ്കാരിക നായകനായിരുന്നു. സവര്‍ക്കറെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കണം.'
മുൻമാധ്യമപ്രവർത്തകനായ ഉദയ് മഹുർക്കർ എഴുതിയ 'വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവൻറഡ് പാർട്ടീഷൻ' (വീരസവർക്കർ: വിഭജനം തടയാൻ കഴിയുന്ന വ്യക്തി) എന്ന പുസ്തകത്തിെൻറ പ്രകാശന ചടങ്ങിലാണ് പ്രതിരോധ മന്ത്രി ഈ 'കണ്ടുപിടുത്തങ്ങൾ' അവതരിപ്പിച്ചത്.
ഗാന്ധി ഉപദേശിച്ചിട്ടാണ് സവർക്കർ മാപ്പപേക്ഷിച്ചത് എന്നതാണ് രാജ്നാഥ് സിങ് പറഞ്ഞതിലെ പ്രധാന പോയിന്‍റ്. എന്നാൽ, സംഭവം അങ്ങനെയല്ലേയല്ല. സവർക്കർ ആദ്യമായി മാപ്പ് തേടിയത് 1911ലാണ്. അന്ന് ഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നു. രണ്ടാം മാപ്പ് 1913 നവംബർ 14ന്. അന്നും ഗാന്ധി ദക്ഷിണാഫ്രിക്കയിൽ തന്നെ. പിന്നെ ഏത് ഗാന്ധിയുടെ എന്ത് ഉപദേശമാണ് സവർക്കർ മാപ്പിനായി സ്വീകരിച്ചത്്? കാര്യങ്ങൾ വിശദമാക്കാം:
നാസിക്കിലെ അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റായ എ.എം.ടി ജാക്സന്‍റെ കൊലപാതകത്തെ തുടർന്ന് 1910 മാർച്ച് 13നാണ് സവർക്കർ അറസ്റ്റിലായത്. 1911 ജൂലൈ 4ന് ആൻഡമാനിലെ സെല്ലുലാർ ജയിലിൽ (കലാപാനി) കൊണ്ടുവന്നു. ജാക്സനെ കൊല്ലാൻ ഉപയോഗിച്ച പിസ്റ്റൾ കൊലപാതകം നടക്കുമ്പോൾ ലണ്ടനിലായിരുന്ന സവർക്കർ അവിടെ വെച്ച് സംഘടിപ്പിച്ചു നൽകി എന്നതാണ് കേസ്. ഇപ്പോഴത്തെ അഭിനവ് ഭാരത് (പഴയപേര് 'മിത്ര മേള') ആയിരുന്നു കൊലപാതകത്തിന് പിന്നിൽ. ഈ സംഘടന സവർക്കറും ജ്യേഷ്ഠൻ ഗണേഷ് ദാമോദർ സവർക്കറും ചേർന്നാണ് സ്ഥാപിച്ചത്. മറ്റൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗണേഷ് സവർക്കറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹി ദർബാർ പൊതുമാപ്പിന്‍റെ ഭാഗമായി മോചനം ആഗ്രഹിക്കുന്ന രാഷ്ട്രീയ തടവുകാരോട് മാപ്പപേക്ഷ നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. അതനുസരിച്ച്, സവർക്കർ ഉൾപ്പെടെയുള്ളവർ ജയിൽ അധികൃതർക്ക് രേഖാമൂലം മാപ്പപേക്ഷ നൽകി. 1911 ആഗസ്റ്റ് 30ന് സവർക്കറുടെ മാപ്പ് സ്വീകരിച്ചു. ഓർക്കുക, ഈ സമയത്ത് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നു. നാല് വർഷത്തിന് ശേഷം മാത്രമാണ് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയത്. 1913 നവംബർ 14ന് സവർക്കർ രണ്ടാമത്തെ ദയാഹർജി നൽകി. ഓർക്കുക, 1915ലാണ് ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങിയത്.
'സവർക്കറേ, ഒരു മാപ്പെഴുതി കൊടുത്തിട്ട് പെട്ടെന്ന് ജയിലിന് പുറത്തുവരൂ...'' എന്ന് ഗാന്ധി അങ്ങോട്ട് ചെന്ന് അഭ്യർഥിച്ചിരുന്നു എന്നാണ് രാജ്നാഥ്സിങ്ങിന്റെയും ബി.ജെ.പി പ്രൊഫൈലുകളുടെയും വാദം കേട്ടാൽ തോന്നുക. എന്നാൽ, സംഗതി അങ്ങനെയല്ല. തെന്റ ചേട്ടനെ എങ്ങനെയെങ്കിലും ജയിലിൽനിന്ന് രക്ഷിക്കണമെന്നപേക്ഷിച്ച് സവർക്കറുടെ അനിയൻ നാരായൺ ദാമോദർ ഗാന്ധിക്ക് നിരന്തരം കത്തയച്ചതായിരുന്നു തുടക്കം.
1920ലായിരുന്നു ഈ കത്തിടപാടുകൾ. വി.ഡി സവർക്കറുടെ കുറ്റം തികച്ചും രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി ഒരു ഹരജി ഫയൽ ചെയ്തോളൂ എന്ന് സവർക്കറുടെ ഇളയ സഹോദരന് ഗാന്ധിജി മറുപടി നൽകി. ആ ഉപദേശമാണ് രാജ് നാഥ് സിങ് ഇേപ്പാൾ പറയുന്ന ഈ ഉപദേശം. സവർക്കറുടെ ജീവചരിത്രകാരനായ വിക്രം സമ്പത്ത് ഈ കത്തിനെ കുറിച്ച് പറയുന്നത് വായിക്കാം:
"ബോംബെയിലെ ഗിർഗാമിലെ തന്‍റെ ക്ലിനിക്കിൽ നിന്ന്, നാരായണറാവു (സവർക്കറുടെ അനുജൻ) അചിന്തനീയമായത് ചെയ്യാൻ തീരുമാനിച്ചു. അവൻ തന്‍റെ പേന എടുത്ത് തന്‍റെ സഹോദരന് ആശയപരമായി എതിർപ്പുള്ള ഒരു വ്യക്തിക്ക് ഒരു കത്തെഴുതി. രാജ്യത്തെ ഒരു പ്രധാന രാഷ്ട്രീയ ശബ്ദമായി അതിവേഗം ഉയർന്നുവരുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധിയായിരുന്നു ആ വ്യക്തി. ആറ് കത്തുകളിൽ ആദ്യത്തേത് 1920 ജനുവരി 18നായിരുന്നു. രാജകീയ വിളംബരത്തിന്‍റെ പശ്ചാത്തലത്തിൽ തന്‍റെ ജ്യേഷ്ഠന്മാരുടെ മോചനം ഉറപ്പാക്കാൻ ആ കത്തിൽ നാരായണറാവു ഗാന്ധിയുടെ സഹായവും ഉപദേശവും തേടി''
ജ്യേഷ്ഠന്മാരുടെ മോചനത്തിനുള്ള വഴി തേടിയായിരുന്നു 1920ൽ നാരായൺ സവർക്കർ ഗാന്ധിക്ക് കത്തെഴുതിയത്. "ഇന്നലെ [17 ജനുവരി] മോചിതരാകുന്നവരുടെ പട്ടികയിൽ സവർക്കർ സഹോദരങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ എന്നെ അറിയിച്ചിരുന്നു... അവരെ വിട്ടയക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനിച്ചതെന്ന് ഇപ്പോൾ വ്യക്തമാണ്. ഈ സാഹചര്യത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് ദയവായി നിങ്ങൾ പറഞ്ഞുതരണം.." എന്നായിരുന്നു അതിന്‍റെ ഉള്ളടക്കം.
1920 ജനുവരി 25ന് ഗാന്ധി മറുപടി കത്തെഴുതി. അതിലിങ്ങനെ വായിക്കാം: "നിങ്ങളുടെ സഹോദരൻ ചെയ്തത് തികച്ചും രാഷ്ട്രീയ കുറ്റകൃത്യം മാത്രമാണെന്ന കാര്യം വ്യക്തമാക്കി, കേസിന്‍റെ വസ്തുതകൾ വ്യക്തമാക്കുന്ന ഒരു നിവേദനം സമർപ്പിക്കുക. എന്നെക്കൊണ്ട് ആവുന്നത് ഞാനും ചെയ്യാം'. മഹാത്മാഗാന്ധിയുടെ സമ്പൂർണ കൃതികളുടെ 19ാം വോള്യത്തിൽ നാരായൺ സവർക്കർ എഴുതിയ കത്തും അതിന്‍റെ മറുപടിയും പരാമർശിക്കുന്നുണ്ട്.
രണ്ട് മാസത്തിന് ശേഷം സവർക്കർ മാപ്പപേക്ഷിച്ച് പുതിയ ഹരജി നൽകി. നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ച ബ്രിട്ടീഷ് സർക്കാരിന് നന്ദി പറഞ്ഞ് തുടങ്ങൂന്ന കത്തിൽ, താനും സഹോദരനും ഉൾപ്പെടെ ബാക്കിയുള്ള തടവുകാർക്കും കൂടി ദയ നൽകണമെന്ന് അദ്ദേഹം കേണപേക്ഷിച്ചു. 1920 മാർച്ച് 30നായിരുന്നു ഈ മാപ്പ്.
1920 ജൂലൈ 6ന് സവർക്കർ തന്‍റെ സഹോദരനെഴുതിയ കത്തിലും മാപ്പപേക്ഷ നൽകിയതിനെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ, അതിൽ ഗാന്ധിയുടെ പേര് പരാമർശിക്കുന്നേയില്ല. ഒടുവിൽ 1921 മേയിൽ ആൻഡമാനിലെ സെല്ലുലാർ ജയിലിൽനിന്ന് സവർക്കറെ രത്നഗിരി ജില്ലയിലെ ജയിലിലേക്ക് മാറ്റി. 1924ൽ സവർക്കർ ജയിൽ മോചിതനായി.
സവർക്കർ തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകനായതോടെ ഗാന്ധി കടുത്ത വിമർശനവുമായി രംഗത്തെത്തി. 1942 ൽ ബോംബെയിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ, അക്രമപാത തെരഞ്ഞെടുത്ത സവർക്കറെയും ഡോ. മൂഞ്ചെയെയും ഗാന്ധി പേരെടുത്ത് പറഞ്ഞു വിമർശിച്ചു. "കോൺഗ്രസിന് അത്തരം യുദ്ധത്തിൽ പങ്കാളികളാകാൻ കഴിയില്ല. മുസ്ലിംകളെ ഹൈന്ദവ അധികാരത്തിന് കീഴിൽ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന 'വാളിന്‍റെ സിദ്ധാന്തത്തിൽ' വിശ്വസിക്കുന്നവരാണ് ഡോ. മൂഞ്ചെ, ശ്രീ സവർക്കർ തുടങ്ങിയവർ. ഞാൻ ആ വിഭാഗത്തെ പ്രതിനിധീകരിക്കുന്നില്ല. ഞാൻ കോൺഗ്രസിനെ പ്രതിനിധീകരിക്കുന്നു" എന്നായിരുന്നു ഗാന്ധി തുറന്നടിച്ചത്.
യാഥാർഥ്യം ഇങ്ങനെയായിരിക്കേ, മഹാത്മാഗാന്ധിയുടെ സമ്മർദത്തിന് വഴങ്ങിയാണ് സവർക്കർ ബ്രിട്ടീഷ് സർക്കാറിന് മാപ്പെഴുതി കൊടുത്തത് എന്ന വാദം അടിസ്ഥാനരഹിതമാണ്. ആദ്യത്തെ രണ്ട് ഹർജികൾ സമർപ്പിക്കുമ്പോൾ ഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നു. ജയിൽ മോചനത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിക്ക് സവർക്കറുടെ ഇളയ സഹോദരൻ കത്തെഴുതിയപ്പോൾ 'ഒരു നിവേദനം സമർപ്പിച്ചു നോക്കൂ' എന്ന് അദ്ദേഹം ഉപദേശിച്ചു. പിന്നീട് രണ്ടുമാസത്തിന് ശേഷം സവർക്കർ ഒരു മാപ്പുകൂടി എഴുതി നൽകി. ഇത് ഗാന്ധി പറഞ്ഞത് കൊണ്ടാണെന്ന് സവർക്കർ പോലും പിന്നീട് എവിടെയും പറഞ്ഞതായി ചരിത്രരേഖകളില്ല.
(വിവരങ്ങൾക്ക് കടപ്പാട്: ആൾട്ട് ന്യൂസ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.