മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാനും മകൾ സുഹാന ഖാനും അയോധ്യയിലെ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തിയെന്ന രീതിയിലുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നടനും കുടുംബാംഗങ്ങളും ജനുവരി 22ന് 150 അതിഥികൾക്കൊപ്പം രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തതായാണ് വിഡിയോക്കൊപ്പമുള്ള വിശദീകരണം.
കനത്ത സുരക്ഷയിൽ മാനേജർ പൂജ ദഡ്‍ലാനിക്കൊപ്പം ഷാറൂഖും സുഹാനയും ക്ഷേത്രപരിസരത്ത് നടക്കുന്നതാണ് വിഡിയോയിലുള്ളത്. ‘ജയ് ശ്രീറാം’, ‘ഷാറൂഖ് ഖാൻ ആഗയേ അയോധ്യ’ എന്നിങ്ങനെ വിഡിയോക്ക് മുകളിൽ എഴുതിയാണ് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വെള്ള ദോത്തിയും കുർത്തയുമണിഞ്ഞാണ് ഷാറൂഖ് വിഡിയോയിലുള്ളത്. എന്നാൽ, സോഷ്യൽ മീഡിയയിൽ ഇത് പോസ്റ്റ് ചെയ്തയാൾ പിന്നീട് ഡിലീറ്റ് ചെയ്തു.
ആ വിഡിയോക്കു പിന്നിലെ സത്യമെന്താണ്?
ഷാറൂഖ് ഖാനും മകളും ജനുവരി 22ന് അയോധ്യയിൽ ക്ഷേത്ര ദർശനം നടത്തിയെന്ന രീതിയിൽ പ്രചരിക്കുന്നത് മറ്റൊരു വിഡിയോ ആണെന്ന് ഫാക്ട് ചെക്കിൽ വ്യക്തമാവുന്നു. തിരുപ്പതി ക്ഷേത്രത്തിൽ ഷാറൂഖും മകളും മുമ്പ് സന്ദർശനം നടത്തിയതിന്റെ ദൃശ്യങ്ങളാണ് അയോധ്യയിലേതെന്ന രീതിയിൽ പ്രചരിക്കുന്നത്.
സെപ്റ്റംബർ അഞ്ചിന് ‘ജവാൻ’ സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് തിരുപ്പതി ക്ഷേത്രത്തിൽ പൂജക്കായി താരം എത്തിയത്. ദക്ഷിണേന്ത്യക്കാർ ധരിക്കുന്ന തരത്തിലുള്ള വേഷ്ടി ധരിച്ചാണ് ഷാറൂഖ് തിരുപ്പതിയിലെത്തിയത്. ജമ്മുവിലെ പ്രശസ്തമായ വൈഷ്‍ണോ ദേവി ക്ഷേത്രത്തിലും മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രത്തിലും ആ സമയത്ത് ഷാറൂഖ് സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.