ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല, വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കേ​ന്ദ്രമന്ത്രി പീയുഷ് ഗോയൽ

ന്യൂഡൽഹി: പാർലമെന്റിൽ ബിഹാറിനെ അപമാനിച്ച് സംസാരിച്ച കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞു. പാർലമെന്റിൽ ബിഹാർ എം.പിമാരുടെ പ്രതിഷേധം അരങ്ങേറുകയും മാപ്പ് ആവശ്യപ്പെടുകയും ​ചെയ്തതിനെ തുടർന്നാണ് നടപടി.

ചൊവ്വാഴ്ച രാജ്യസഭയിൽ ആർ.ജെ.ഡി അംഗം മനോജ് ഝാ പണപ്പെരുപ്പത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പീയുഷ് ഗോയൽ വിവാദ പരാമർശം നടത്തിയത്.

ഝാ സംസാരിക്കുന്നത് തടസപ്പെടുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പരാമർശം. ‘ഝാക്ക് അദ്ദേഹത്തിന്റെതായ വഴിയുണ്ടെങ്കിൽ രാജ്യം മുഴുവൻ അദ്ദേഹം ബിഹാറാക്കി മാറ്റും’ എന്നായിരുന്നു മന്ത്രിയുടെ പരാമർശം.

ഉടൻ ഝാ പ്രതിഷേധിച്ചു. ‘ഇത് ബിഹാറിനെ അപമാനിക്കുന്നതിന് തുല്യമാണ്. പീയുഷ് ജീ, കൈകൂപ്പി ഞാൻ അഭ്യർഥിക്കുന്നു, നിങ്ങൾ എന്നെ എന്തുവേ​ണമെങ്കിലും പറഞ്ഞു കൊള്ളു, പക്ഷേ, ബിഹാറിനെ കുറിച്ച് പറയരുത്’ -ഝാ കൂട്ടിച്ചേർത്തു.

പാർലമെന്റിൽ എം.പിമാർ പ്രതിഷേധിച്ചു. മന്ത്രി മാപ്പ് പറയണമെന്നും ബിഹാർ എം.പിമാർ ആവശ്യപ്പെട്ടു. തുടർന്ന് ഇന്ന് പീയുഷ് ഗോയൽ സംഭവത്തിൽ വിശദീകരണം നൽകി.

‘ബിഹാറിനെയോ, അവിടുത്തെ ജനങ്ങളെയോ അപമാനിക്ക​ണമെന്ന് എനിക്ക് ഒരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ല. എന്റെ പരാമർശം ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയെങ്കിൽ, ഞാൻ അത് പിൻവലിക്കുന്നു’ - അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പീയുഷ് ഗോയലിന്റെ വിവാദ പരാമർശത്തിന്റെ വിഡിയോ പങ്കുവെച്ചു​കൊണ്ട് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും മന്ത്രിയെ വിമർശിച്ചിരുന്നു.

‘വിവേക ഹീനനും അഹങ്കാരിയുമായ കേന്ദ്രമന്ത്രി ബിഹാറിനെയും ബിഹാറികളെയും അപമാനിക്കുന്നത് നോക്കൂ. രണ്ടരലക്ഷം കോടി രൂപയുടെ പദ്ധതി സ്വന്തം സംസ്ഥാനമായ മഹാരാഷ്രടയിൽ നിന്ന് ​ഗുജറാത്തിലേക്ക് മാറ്റിയത് കണ്ടിട്ടും ഒരു വാക്കുപോലും മിണ്ടാതെ നിന്നയാളാണ് അദ്ദേഹം.അദ്ദേഹതിന്റെ നിലപാട് വ്യക്തമാക്കുന്നതാണ് അത്.’ - തേജസ്വി ട്വീറ്റ് ചെയ്തിരുന്നു.

പീയുഷ് ഗോയൽ മാപ്പുപറയണമെന്ന് ആവശ്യപ്പട്ട് മനോജ് ഝാ രാജ്യസഭാ ചെയർമാനും കത്തെഴുതിയിരുന്നു. ബിഹാർ സ്വദേശികളെ എല്ലായ്പ്പോഴും രണ്ടാംതരം പൗരൻമാരായാണ് കാണുന്നതെന്നും ഗോയലിനെറ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്ത് അദ്ദേഹത്തിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഝാ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ മറ്റ് സംസ്ഥാനങ്ങളെ ഇത്തരത്തിൽ നോക്കിക്കാണുന്നത് അവസാനിപ്പിക്കാൻ അത് ആവശ്യമാണെന്നും ഝാ രാജ്യസഭാ ചെയർമാനെഴുതിയ കത്തിൽ പറഞ്ഞു. 

Tags:    
News Summary - "Didn't Intend To Insult Bihar": Minister Piyush Goyal Withdraws Remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.