ബി.ജെ.പി നേതാക്കൾക്കിടയിലെ ഭിന്നത; കർണാടകയിൽ പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം ഇടപെടുന്നു

ബംഗളൂരു: സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ അവസാനിച്ചതിന് പിന്നാലെ കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍സിങ് ബുധനാഴ്ച സംസ്ഥാനത്തെത്തും. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ബി.എസ്. യെദിയൂരപ്പയെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും നേതാക്കളിലുമുള്ള ഭിന്നത പരിഹരിക്കുകയെന്ന ദൗത്യവുമായാണ് അരുൺ സിങ് എത്തുന്നത്. നേതൃമാറ്റം വേണമെന്ന് യെദിയൂരപ്പ വിരുദ്ധ വിഭാഗം ആവശ്യപ്പെടുമ്പോൾ വേണ്ടെന്ന നിലപാടിലാണ് മറുവിഭാഗം. യെദിയൂരപ്പയുടെ കുടുംബവും ഭരണത്തിൽ ഇടപെടുകയാണെന്നും എം.എൽ.എമാരെയും മന്ത്രിമാരെയും വിശ്വാസത്തിലെടുക്കുന്നില്ലെന്നുമാണ് മന്ത്രി സി.പി. യോഗേശ്വർ ഉൾപ്പെടെയുള്ള നേതാക്കളുടെ ആരോപണം.

അരുണ്‍ സിങ്ങിെൻറ സന്ദര്‍ശനത്തിന് മുന്നോടിയായി ഹുബ്ബള്ളി^ -ധാര്‍വാഡ് എം.എല്‍.എയ അരവിന്ദ് ബെള്ളാഡ്ശനിയാഴ്ച ഡല്‍ഹിയിലെത്തി ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനെ കണ്ടു. സംസ്ഥാനത്തെ രാഷ്​​ട്രീയ സാഹചര്യം ജനറല്‍ സെക്രട്ടറിയെ ബോധിപ്പിച്ചു. അരുണ്‍ സിങ്ങിനെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യെദിയൂരപ്പയുടെ ഭരണത്തിൽ അതൃപ്തിയുമായി സി.പി. യോഗേശ്വറും അരവിന്ദ് ബെള്ളാഡും മുമ്പും ഡൽഹിയിലെത്തിയിരുന്നെങ്കിലും നേതാക്കളെ കാണാനായിരുന്നില്ല. നേതൃമാറ്റ ചർച്ച സജീവമായതിനിടെ യെദിയൂരപ്പയെ പിന്തുണച്ച് 69 എം.എൽ.എമാർ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ഇത്തരത്തിൽ നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിക്കാൻ മന്ത്രിമാരുമായും എം.എല്‍.എമാരുമായും പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി അംഗങ്ങളുമായും അരുണ്‍ സിങ് ചര്‍ച്ച നടത്തും.

അരുണ്‍ സിങ് രണ്ട് മൂന്നു ദിവസം കര്‍ണാടകത്തിലുണ്ടാകുമെന്നും സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താനെത്തുന്ന അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. നേതൃമാറ്റമുണ്ടാകുമെന്ന ആരോപണങ്ങളെ അരുണ്‍ സിങ് തള്ളിക്കളഞ്ഞത് കൂടുതല്‍ ആത്മധൈര്യം നല്‍കിയെന്നും അടുത്ത രണ്ടുവര്‍ഷവും സംസ്ഥാനത്തിെൻറ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു. യെദിയൂരപ്പ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്നും മുഖ്യമന്ത്രിയായി തുടരുമെന്നും കഴിഞ്ഞ ദിവസം അരുണ്‍ സിങ് പറഞ്ഞിരുന്നു. 

Tags:    
News Summary - Differences among karnataka BJP leaders, centre to intervene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.