പ്രയാഗ്രാജ്: ലിവ് ഇൻ ബന്ധം തകർന്നു കഴിഞ്ഞാൽ സ്ത്രീക്ക് പിന്നീട് തനിച്ച് ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് അലഹാബാദ് ഹൈകോടതി. ലിവ് ഇൻ റിലേഷൻഷിപ്പിലെ പങ്കാളി പിരിഞ്ഞതുമായി ബന്ധപ്പെട്ട് യുവതി നൽകിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
ഇന്ത്യൻ സമൂഹത്തിലെ വലിയൊരു വിഭാഗവും ഇത്തരം ബന്ധങ്ങൾ അംഗീകരിക്കുന്നില്ല. അതിനാൽ സ്ത്രീക്ക് ഇതുപോലെയുള്ള വിഷയങ്ങളിൽ പങ്കാളിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാരിയും ആദിത്യ രാജ വർമ എന്നയാളും ഒന്നര വർഷത്തോളും ലിവ് ഇൻ ബന്ധത്തിലായിരുന്നു. സ്ത്രീ നേരത്തെ മറ്റൊരു വിവാഹം ചെയ്തിരുന്നു. അതിൽ രണ്ട് ആൺമക്കളുമുണ്ട്. വർമക്കൊപ്പമുള്ള ബന്ധത്തിൽ ഗർഭിണിയായപ്പോൾ വിവാഹം ചെയ്യാൻ വിസമ്മതിച്ചുവെന്നാണ് പരാതി. സ്ത്രീ നൽകിയ പരാതിയെ തുടർന്ന് വർമക്കെതിരെ ബലാത്സംഗത്തിനും വഞ്ചനക്കും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
എന്നാൽ ബന്ധം തുടങ്ങുമ്പോൾ തന്നെ ഇതിന്റെ പരിണിത ഫലം എന്തായിരിക്കുമെന്ന് പരാതിക്കാരിക്ക് തിരിച്ചറിയാനാകുമായിരുന്നുവെന്നും വിവാഹം ചെയ്യമെന്ന വാഗ്ദാനം ബന്ധത്തിലുണ്ടായിരുന്നില്ലെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ കേസ് തെറ്റായി വ്യാഖ്യാനിച്ച് ക്രിമിനൽ പശ്ചാത്തലമില്ലാത്തയാളെ 2022 നവംബർ 24 മുതൽ ജയിലിലടച്ചിരിക്കുകയാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ബന്ധത്തിലുണ്ടായ വീഴ്ചയാണ് കേസിലേക്ക് നയിച്ചതെന്ന് മനസിലാക്കുന്നുവെന്നും കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ, അപേക്ഷകന് ജാമ്യം അനുവദിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.