ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ ഇനി 'മുഖം കാണിച്ച്' കടന്നുപോകാം. യാത്രക്കാരെ മുഖംകൊണ്ട് തിരിച്ചറിയുന്ന വിധം രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളിൽ 'ഡിജി യാത്ര' സംവിധാനത്തിന് തുടക്കം. വൈകാതെ കൂടുതൽ വിമാനത്താവളങ്ങളിൽ ഈ സൗകര്യം ഏർപ്പെടുത്തും.
മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയിലൂടെ വിമാനത്താവളങ്ങളിൽ സുരക്ഷ പരിശോധനക്കുള്ള ക്രമീകരണമാണ് ഡിജി യാത്ര. യാത്രക്കാരനെ മുഖത്തിന്‍റെ പ്രത്യേകതകൾ കൊണ്ട് സംവിധാനം തിരിച്ചറിയും. ബോർഡിങ് പാസുമായി ഡിജിറ്റൽ സംവിധാനത്തിൽ ബന്ധിപ്പിക്കും. ഓരോ ചെക്ക് പോയന്‍റിലും ഈ തിരിച്ചറിയൽ സംവിധാനം പ്രയോജനപ്പെടുത്തും.
ആദ്യഘട്ടത്തിൽ ആഭ്യന്തര യാത്രക്കാർക്കു മാത്രമായി ഏഴു വിമാനത്താവളങ്ങളിലാണ് ഈ ക്രമീകരണം ഒരുക്കുന്നത്. ഡൽഹി, ബംഗളൂരു, വാരാണസി എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഈ സംവിധാനത്തിന് തുടക്കം കുറിച്ചു. അടുത്ത മാർച്ചോടെ ഹൈദരാബാദ്, കൊൽക്കത്ത, പുണെ, വിജയവാഡ എന്നീ വിമാനത്താവളങ്ങളിലും ഈ ക്രമീകരണം കൊണ്ടുവരും. ഘട്ടംഘട്ടമായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഈ സജ്ജീകരണം ഏർപ്പെടുത്തും.
വിമാനത്താവളങ്ങളിലെ പ്രവേശനം ആയാസരഹിതവും വേഗത്തിലുമാക്കാനുള്ള ക്രമീകരണമാണ് ഡിജി യാത്ര ആപ്പിലൂടെ ഒരുക്കുന്നത്. യാത്രക്കാരൻ ഡിജി യാത്ര ആപ്പിൽ വിശദാംശങ്ങൾ നൽകി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. ആധാർ അടിസ്ഥാനപ്പെടുത്തി യാത്രക്കാരന്‍റെ ചിത്രം ആപ്പിൽ സാക്ഷ്യപ്പെടുത്തും. തുടർന്ന് ബോർഡിങ് പാസ് സ്കാൻ ചെയ്ത് ആപ്പിലേക്ക് നൽകും. ഇത് വിമാനത്താവള സുരക്ഷ വിഭാഗവുമായി പങ്കുവെക്കുന്നു. ഐ.ഡിയും യാത്രാരേഖകളും യാത്രക്കാരന്‍റെ സ്മാർട്ട് ഫോണിലെ വാലറ്റിൽ ലഭ്യമാക്കും. വിമാനത്താവളത്തിലെ ഇ-ഗേറ്റിൽ മുഖം തിരിച്ചറിയുന്ന സജ്ജീകരണമുണ്ടാവും. യാത്രക്കാരനെയും യാത്രാരേഖയും ഇവിടെ ഡിജിറ്റൽ മാർഗത്തിൽ പരിശോധിക്കപ്പെടും. ഈ പ്രക്രിയ പൂർത്തിയാക്കി ഇ-ഗേറ്റ് വഴി യാത്രക്കാരന് വിമാനത്താവളത്തിൽ കടക്കാം.
ഡിജി യാത്ര ഫൗണ്ടേഷൻ എന്ന ലാഭേതര കമ്പനിക്ക് ഇതിനകം രൂപം നൽകിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കൊച്ചി, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, മുംബൈ വിമാനത്താവള കമ്പനികൾ എന്നിവയാണ് ഫൗണ്ടേഷന്റെ ഓഹരി ഉടമകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.