ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പിനെ പതിവിൽനിന്ന് വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളുണ്ട്. പത്തു വർഷം മുമ്പുള്ളതിൽനിന്നും ചിത്രങ്ങളെല്ലാം പാടേ മാറിക്കഴിഞ്ഞിരിക്കുന്നു. ചുവരെഴുത്തും പശ തേച്ചൊട്ടിച്ച പോസ്റ്ററുകളും പ്രചാരണ തന്ത്രത്തിൽ പഴഞ്ചനായി മാറി. പകരം നവ മാധ്യമങ്ങളും നാലാംവ്യവസായ വിപ്ലവം കൊണ്ടുവന്ന എ.ഐ സാങ്കേതിക വിദ്യയും സ്ഥാനംപിടിച്ചു. വാഗ്ദാനങ്ങളും സന്ദേശങ്ങളും അതിവേഗം വോട്ടർമാരിലേക്ക് എത്തിക്കാനും പ്രതിച്ഛായാ നിർമാണത്തിനുമുള്ള ഗംഭീര ടൂളുകളായി ഇവ മാറി.
പോസ്റ്ററുകൾക്കും ഹോർഡിംഗുകൾക്കുമപ്പുറം, ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും വാഗ്ദാനങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിറഞ്ഞു. പശ്ചാത്തല സംഗീതത്തിനന്റെയടക്കം അകമ്പടിയോടെ സ്ഥാനാർഥികളെത്തി. രാഷ്ട്രീയ ഇടനാഴികളിൽനിന്നും തകർപ്പൻ റീലുകളും ഷോർട്സുകളുമായിഅവർ ഇറങ്ങിവന്നു.
2014ൽ അധികാരമേറിയ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി, ഹോളോഗ്രാം പ്രൊജക്ഷൻ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയാണ് പ്രചാരണതന്ത്രം ആവിഷ്‍കരിച്ചതെങ്കിൽ 2019 ആയപ്പോഴേക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും വാട്സ്ആപ് പോലുള്ള വ്യക്തിഗത സന്ദേശ ആപ്പുകളിലേക്കും ചുവടുമാറ്റി. എന്നാൽ, തങ്ങളുടെ ശക്തിയും പ്രതിച്ഛായയും ഉയർത്തിക്കാണിക്കാൻ ഇൻസ്റ്റാഗ്രാം റീലുകളിലും യൂട്യൂബ് ഷോർട്‌സിലും സന്ദേശങ്ങളും പ്രസംഗങ്ങളുമായിരുന്നു ഇത്തവണത്തെ പ്രചാരണായുധങ്ങൾ.
ബി.ജെ.പിയും കോൺഗ്രസും അവരുടെ പ്രധാന നേതാക്കളും ഇന്ത്യയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഡിജിറ്റൽ പ്രചാരണ തന്ത്രമാണ് ഈ തെരഞ്ഞെടുപ്പിൽ പ്രയോഗിച്ചത്. അതിനായി എല്ലാ പാർട്ടികളും ‘സോഷ്യൽ മീഡിയ വാർ റൂമു’കൾ സജ്ജമാക്കി. ബി.ജെ.പി ഓരോ നിയോജക മണ്ഡലത്തിലും വാട്ട്‌സ്ആപ് ഗ്രൂപ്പുകൾ സജീവമാക്കി. കൂടാതെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവ ഉപയോഗിച്ച് വോട്ടർമാരുടെ വിശാലമായ അടിത്തറയിലേക്ക് എത്താനും പദ്ധതികൾ ആവിഷ്‍കരിച്ചു. സോഷ്യൽ മീഡിയയിലൂടെ വോട്ടർമാരെ സമീപിക്കുന്നതിൽ കോൺഗ്രസും പിന്നിലായിരുന്നില്ല. വാട്സ്ആപ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ നേരിട്ട് വോട്ടർമാരിലേക്ക് ഇറങ്ങിച്ചെന്നു. കോൺഗ്രസ് ഭവനിൽ തന്നെ വാർ റൂമും ഒരുക്കി. വോട്ടർമാർക്കായി പാർട്ടി എന്തുചെയ്യാൻ പോകുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി.
ഏപ്രിൽ 1നും മെയ് 30നും ഇടയിൽ മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ 1,222 മുഴുനീള വിഡിയോകളാണ് അപ്‌ലോഡ് ചെയ്‌തത്. ഇതേ കാലയളവിൽ 258 യൂട്യൂബ് ഷോർട്സസും അപ്‌ലോഡ് ചെയ്‌തു. 37 ഹ്രസ്വ വിഡിയോകൾ 100 കോടി വ്യൂസ് ഉണ്ടാക്കി. എന്നാൽ, മുഴുനീള വിഡിയോകളെക്കാളും ചെറു ഉള്ളടക്കങ്ങളെ കൂടുതൽ ആശ്രയിക്കുന്നതായിരുന്നു കോൺഗ്രസിന്റെ സോഷ്യൽ മീഡിയ തന്ത്രം. അത്തരം വിഡിയോകളുടെ സാധ്യത അവർ പരമാവധി ഉപയോഗപ്പെടുത്തി. 185 ഷോർട്ട്‌സുകളിലൂടെ 67 കോടി കാഴ്‌ചക്കാരിലേക്കെത്താൻ രാഹുൽ ഗാന്ധിക്കുമായി.
‘ഇതൊരു ഇൻസ്റ്റഗ്രാം തിരഞ്ഞെടുപ്പായിരുന്നുവെന്നാ’ണ് കോൺഗ്രസിന്റെ കമ്യൂണിക്കേഷൻസ് വാർ റൂം ചെയർപേഴ്‌സൺ വൈഭവ് വാലിയ പറയുന്നത്. ‘ഈ വർഷം, വാട്ട്‌സ്ആപിനേക്കാൾ കൂടുതൽ ആളുകൾക്ക് അവരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ ലഭിച്ചതായാണ് ഞങ്ങളുടെ ആഭ്യന്തര സർവേ കാണിച്ചത്. അതിനനുസരിച്ച് തങ്ങളുടെ ഡിജിറ്റൽ കാമ്പെയിൻ മികച്ചതാക്കിയതായി ഇന്ത്യൻ എക്സ്പ്രസിനോടദ്ദേഹം പങ്കുവെച്ചു. 2,000ത്തിലധികം ആളുകളുടെ ടീമിനെയാണ് വാലിയ നയിച്ചത്. പാർട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രതിദിനം കുറഞ്ഞത് 100 റീലുകളും ഷോർട്ട്സും അപ്‌ലോഡ് ചെയ്യേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ കാമ്പയിനുകൾ കൈകാര്യം ചെയ്യുന്ന ടീമുകൾ പാർട്ടികൾക്കുള്ള ഹാഷ് ടാഗുകളും സൃഷ്‌ടിച്ചു. സാധാരണക്കാരന്റെ വികാരങ്ങൾ മനസ്സിലാക്കാൻ വ്യക്തിഗതമാക്കിയ വിഡിയോകൾ സൃഷ്ടിക്കുന്നതിനും സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ വിശകലനം ചെയ്യുന്നതിനും അവർ എ.ഐ ടൂളുകൾ ഉപയോഗിച്ചു. ഇത്തരം ഓൺലൈൻ കാമ്പെയ്‌നുകൾ കൂടുതൽ ഉള്ളടക്കം സൃഷ്‌ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വളണ്ടിയർമാരെ രംഗത്തിറക്കാനും സഹായിച്ചു.
എന്നാൽ, എ.ഐ ടൂളുകൾ ഉപയോഗിച്ച് വ്യാജ വാർത്തകളെ യാഥാർത്ഥ്യമാക്കുന്ന സംഭവങ്ങളുമുണ്ടായി. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നേരത്തെ തന്നെ വിദഗ്ധർ ആശങ്കയുന്നയിച്ചിരുന്നു. പ്രചാരണ വിഡിയോകൾ മുതൽ പ്രാദേശിക ഭാഷകളിലുള്ള വ്യക്തിഗത ഓഡിയോ സന്ദേശങ്ങളും കൂടാതെ സ്ഥാനാർഥിയുടെ ശബ്ദത്തിൽ വോട്ടർമാരോട് സംസാരിക്കുന്ന കോളുകൾ വരെ സൃഷ്ടിക്കപ്പെടുമെന്ന മുന്നറിയിപ്പുകളെ ശരിവെക്കുന്ന സംഭവങ്ങളും രാജ്യത്ത് അരങ്ങേറി.
ഇങ്ങനെയൊക്കെ പല തലങ്ങളിൽ ഡിജിറ്റൽ വാർ റൂമുകളുടെ സ്വാധീനം അനിവാര്യമായും വിശകലനം ചെയ്യേണ്ട തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.