ഭോപാൽ: തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്ന് സുപ്രീം കോടതി വിധി വന്നിട്ടും എന്തുകൊണ്ട് അത് അവിടെ തന്നെ നിർമിച്ചില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ്‍വിജയ് സിങ്. രാമക്ഷേത്ര നിർമാണം നടക്കുന്നത് മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ഏറ്റെടുത്ത് കൈമാറിയ ഭൂമിയിലാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയാണ് ജനുവരി 22ന് നടക്കുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷ്ഠ ചടങ്ങിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മുതിർന്ന നേതാവിന്റെ പ്രതികരണം.
‘രാമക്ഷേത്രവും ബാബരി മസ്ജിദുമായി ബന്ധപ്പെട തർക്കത്തിന് 150 വർഷത്തെ പഴക്കമുണ്ട്. രാമൻ ജനിച്ചിടത്തും മസ്ജിദ് നിലനിന്നിരുന്നിടത്തും ക്ഷേത്രം പണിയണമെന്നതായിരുന്നു തർക്കത്തിന്റെ കാതൽ. തർക്കഭൂമിയിൽ ക്ഷേത്രം പണിയാമെന്ന് സുപ്രീം കോടതി വിധി വന്നപ്പോൾ എന്തുകൊണ്ട് അത് അവിടെ തന്നെ നിർമിച്ചില്ല. ഇപ്പോൾ രാമക്ഷേത്ര നിർമാണം നടക്കുന്നത് മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ഏറ്റെടുത്ത് കൈമാറിയ ഭൂമിയിലാണ്’ -ദ്വിഗ്‍വിജയ് സിങ് ചൂണ്ടിക്കാട്ടി.
‘നിർമാണം പൂർത്തിയായ ശേഷം അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. ഞങ്ങൾക്ക് ഭഗവാൻ രാമനിൽ വിശ്വാസമുണ്ട്. ശ്രീരാമനെ കാണാൻ ഞങ്ങൾ ധൃതി കാണിക്കുന്നില്ല. അയോധ്യയിലെ ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായ ശേഷം ഞങ്ങൾ അവിടെ പോകും. ഒന്നാമതായി പറയുകയാണെങ്കിൽ, ഭഗവാൻ രാമനെ കാണാൻ ഞങ്ങൾക്ക് ക്ഷണത്തിന്റെ ആവശ്യമില്ല. രണ്ടാമതായി, നിർമാണം നടന്നുകൊണ്ടിരിക്കെ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ ചടങ്ങ് നടത്തുന്നത് ഹൈന്ദവ വേദങ്ങളിൽ പറയുന്നില്ല. മൂന്നാമതായി, ബി.ജെ.പിയും വിശ്വ ഹിന്ദു പരിഷത്തും ആർ.എസ്.എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം ഇതിനെ ഒരു ഇവന്റാക്കി മാറ്റി. അതിൽ പങ്കെടുക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പേര് പറയാമോ? ആരും പോകുന്നില്ല. ശങ്കരാചാര്യരും പോകുന്നില്ല... ഒരു സന്യാസിയും പോകുന്നില്ല. നിർമോഹി അഖാഡയുടെ അവകാശങ്ങൾ അവർ തട്ടിയെടുത്തു’ -ദ്വിഗ്‍വിജയ് സിങ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.