തൊടുപുഴ: ആംബുലൻസുകളുടെ പ്രവർത്തനത്തിന് മാനദണ്ഡങ്ങൾ വരുന്നു. ദേശീയ ആംബുലൻസ് കോഡിലെ വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി റോഡ് സുരക്ഷ അതോറിറ്റിയുടെ മാർഗരേഖ തയാറായി. നിരക്ക് ഏകീകരിക്കുന്നത് മുതൽ സൈറൺ പ്രവർത്തിപ്പിക്കണമെന്നതുവരെയുള്ള കാര്യങ്ങൾ മാർഗരേഖയിലുണ്ട്.
സംസ്ഥാനത്ത് 315 'കനിവ് 108' ആംബുലൻസുകളും സ്വകാര്യ മേഖലയിൽ 8128 ആംബുലൻസുകളും സർവിസ് നടത്തുന്നുണ്ട്. പരസ്പര ഏകോപനമില്ലാതെ പ്രവർത്തിക്കുന്ന ഇവയെ ഒറ്റ നെറ്റ്വർക്കിന് കീഴിൽ കൊണ്ടുവരണമെന്നതാണ് പ്രധാന നിർദേശം. ആംബുലൻസുകളിൽ ലൈറ്റുകൾ തോന്നുന്നതുപോലെ ഘടിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരും. ഓരോ വിഭാഗത്തിലെയും ആംബുലൻസുകൾ ഏത് ആവശ്യത്തിന് ഉപയോഗിക്കുന്നു എന്നതിനനുസരിച്ച് സൈറണും അവയുടെ പരമാവധി ശബ്ദവും സംബന്ധിച്ച് മാർഗനിർദേശം നൽകും. നിലവിൽ പല ആംബുലൻസുകൾക്കും പല നിറമാണ്. ഇതിന് പകരം പ്രത്യേക കളർ കോഡ് ഏർപ്പെടുത്തും.
അടിയന്തരഘട്ടങ്ങളിൽ അവയവങ്ങളുമായി പോകുന്നവ ഒഴികെയുള്ള ആംബുലൻസുകൾക്ക് വേഗപരിധി നിശ്ചയിക്കും. ഡ്രൈവർമാർ പ്രഥമശുശ്രൂഷയിലും രക്ഷാപ്രവർത്തനങ്ങളിലും പരിശീലനം നേടിയവരാകണം. ഒറ്റ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ പൊതു, സ്വകാര്യ മേഖലയിലെ ആംബുലൻസുകളുടെ സേവനം ഉടൻ ലഭിക്കുന്ന സംവിധാനമാണ് മാർഗരേഖയിൽ വിഭാവനം ചെയ്യുന്നത്.
• നാല് വിഭാഗങ്ങളായി തിരിച്ച് സൗകര്യങ്ങൾക്കനുസരിച്ച് നിരക്ക്
• ലൈറ്റുകൾ, സൈറൺ എന്നിവക്ക് ഏകീകൃത ഘടന
• ഓരോ വിഭാഗത്തിനും പ്രത്യേക കളർ കോഡ്
• വാഹനങ്ങളുടെ ദുരുപയോഗം തടയും
• എല്ലാ ആംബുലൻസുകളും ഒറ്റ നെറ്റ്വർക്കിന് കീഴിൽ;
ഒറ്റ ടോൾ ഫ്രീ നമ്പർ
• വേഗപരിധി ലംഘിച്ചാൽ പിഴ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.