കൊൽക്കത്ത: സ്ഥാനാർഥി നിർണയത്തെച്ചൊല്ലി പശ്ചിമ ബംഗാളിൽ ബി.ജെ.പിയിലും തൃണമൂൽ കോൺഗ്രസിലും അതൃപ്തി പുകയുന്നു. ഇരു പാർട്ടികളിലെയും നിരവധി നേതാക്കൾ പരസ്യ വിമർശനവുമായി രംഗത്തെത്തി.
രാജ്യസഭാ എം.പി മൗസം ബേനസീർ നൂർ, പാർട്ടി വക്താവ് ശാന്തനു സെൻ എന്നിവരുൾപ്പെടെ അഞ്ച് മുതിർന്ന ടി.എം.സി നേതാക്കളാണ് നേതൃത്വത്തിനെതിരെ തിരിഞ്ഞത്. മൗസമിനും ശാന്തനു സെന്നിനും പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഹൗറ സീറ്റ് ലഭിക്കാത്തതിനെതുടർന്ന് മതത ബാനർജിയുടെ ഇളയ സഹോദരൻ ബാബുൻ ബാനർജിയും അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. നിലവിലെ എം.പി പ്രസൂൺ ബാനർജിക്കാണ് ഇവിടെ സീറ്റ് ലഭിച്ചത്. എതിർപ്പുന്നയിച്ച സഹോദരനെ മമത തള്ളപ്പറയുകയും ചെയ്തു.
നാല് തവണ എം.എൽ.എ ആയ തപസ് റോയ് കൊൽക്കത്ത നോർത്ത് മണ്ഡലം ലഭിക്കാത്തതിനെത്തുടർന്ന് ബി.ജെ.പിയിൽ ചേർന്നു. അഞ്ചു തവണ എം.പിയായ സുദീപ് ബന്ദേപാധ്യക്ക് വീണ്ടും സീറ്റ് നൽകിയതാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചത്.
42ൽ 19 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബി.ജെ.പിയിലും അസ്വാരസ്യത്തിന് കുറവില്ല. കേന്ദ്രമന്ത്രിയും അലിപൂർദാസ് എം.പിയുമായ ജോൺ ബർല, രാജ്യസഭ എം.പി അനന്ത മഹാരാജ് എന്നിവരാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. ജോൺ ബർലക്ക് പട്ടികവർഗ വിഭാഗത്തിലും അനന്ത മഹാരാജിന് രാജ്ബൻഷി സമുദായത്തിലും സ്വാധീനമുണ്ട്. അലിപൂർദാസിൽ ജോണിന് പകരം പാർട്ടി ചീഫ് വിപ്പ് മനോജ് ടിഗ്ഗക്കാണ് സീറ്റ് നൽകിയത്. കൂച്ച് ബിഹാറിൽ കേന്ദ്രമന്ത്രി നിഷിത് പ്രമാണിക്കിനെ വീണ്ടും മത്സരിപ്പിക്കുന്നതാണ് മഹാരാജിനെ ചൊടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.