ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ബാബുൽ സുപ്രിയോ കഴിഞ്ഞദിവസം തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. മാസങ്ങൾക്കുമുമ്പ് രാഷ്ട്രീയം വിടുമെന്ന് ബാബുൽ സുപ്രിയോ അറിയിച്ചിരുന്നുവെങ്കിലും മറ്റേതെങ്കിലും രാഷ്ട്രീയപാർട്ടിയിൽ ചേരുന്നതിനെകുറിച്ച് സൂചനകൾ നൽകിയിരുന്നില്ല. തൃണമൂലിൽ ചേർന്നശേഷം താൻ ബി.ജെ.പി വിടാനുള്ള കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.
'ഞാൻ കടുത്ത നിരാശയിലായിരുന്നു. ഏഴ് വർഷത്തെ കഠിനാധ്വാനം ഫലം കണ്ടില്ല'-സുപ്രിയോ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. 'കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ എല്ലാം സംഭവിച്ചു. തൃണമൂൽ കോൺഗ്രസിെൻറ ഡെറിക് ഒബ്രിയനാണ് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ അവസരത്തെക്കുറിച്ച് എന്നോട് പറഞ്ഞത്. രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് രണ്ട് മാസം മുമ്പ് പറഞ്ഞപ്പോള്‍, ഞാന്‍ അതിനെക്കുറിച്ച് ഗൗരവപൂര്‍വ്വം തന്നെയാണ് ആലോചിച്ചത്. എന്നാല്‍ ഈ അവസരം ലഭിച്ചതിനുശേഷം, ഞാന്‍ എെൻറ മനസ്സ് മാറ്റാന്‍ തീരുമാനിച്ചു'-അസൻസോൾ എം.പി കൂടിയായ അദ്ദേഹം പറഞ്ഞു.
'ജീവിതത്തിൽ ചില കാര്യങ്ങൾ നിങ്ങൾക്ക് സംഭവിക്കും. ഉചിതമെന്ന് തോന്നുന്ന രീതിയിൽ നിങ്ങൾ പ്രതികരിക്കുന്നു. ഞാൻ രാഷ്ട്രീയം വിടുന്നെന്ന് പറഞ്ഞത് പൂർണഹൃദയത്തോടെയാണ്'-അദ്ദേഹം പറഞ്ഞു.
'മമത ദീദിയും അഭിഷേകും (ബാനർജി) നൽകിയ ഉൗഷ്മള സ്വീകരണം അതിരറ്റതായിരുന്നു. കേന്ദ്ര രാഷ്ട്രീയത്തിലെ എെൻറ ഏഴ് വർഷത്തെ അനുഭവം ഒരു പുതിയ രീതിയിൽ പുനരുജ്ജീവിപ്പിക്കാനാകുമെന്നാണ് കരുതുന്നത്'-അദ്ദേഹം പറഞ്ഞു. ഒരു സ്പോർട്സ് ടീമിൽ 'ബെഞ്ചിൽ ഇരിക്കുന്നത് ശരിയല്ല' എന്ന് തനിക്ക് തോന്നിയിരുന്നതായും ബി.ജെ.പിയിലെ അവഗണനയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, രാജ്യസഭ എം.പി ഡെറിക് ഒബ്രിയാൻ എന്നിവർ ചേർന്നാണ് ബാബുൽ സുപ്രിയോയെ തൃണമൂലിലേക്ക് സ്വീകരിച്ചത്.
പശ്ചിമബംഗാളിൽ മമത ബാനർജി അധികാരം പിടിച്ചതിന് ശേഷം തൃണമൂൽ കോൺഗ്രസിലെത്തുന്ന അഞ്ചാമത്തെ ബി.ജെ.പി നേതാവ് ബാബുൽ സുപ്രിയോ. മറ്റ് നാല് പേരും ബി.ജെ.പി എം.എൽ.എമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.