ചെന്നൈ: മന്ത്രി വി. സെന്തിൽ ബാലാജിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിെൻറ കത്ത്. തന്‍റെ മന്ത്രിമാരെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സ്റ്റാലിന്‍ രവിക്ക് അയച്ച കത്തില്‍ പറയുന്നു.
ഒരാൾ മന്ത്രിയായി തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ ആണ്. പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നോടോ തന്റെ മന്ത്രിമാരുടെ സമിതിയോടോ കൂടിയാലോചിച്ചില്ല. ഗവർണർ തിടുക്കപ്പെട്ട്, ഭരണഘടനയെ മാനിക്കാതെയാണ് പ്രവർത്തിച്ചത്. സുപ്രധാനമായ തീരുമാനത്തിന് മുമ്പ് ഒരു നിയമോപദേശം പോലും എടുത്തിരുന്നില്ലെന്ന് വ്യക്തമാണെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരുമായി ഇടപഴകുമ്പോൾ ഗവർണറെപ്പോലുള്ള ഉയർന്ന ഭരണഘടനാ അധികാരികൾ അന്തസ്സോടെ പ്രവർത്തിക്കണമെന്നും അടിസ്ഥാനരഹിതമായ ഭീഷണികൾക്ക് വഴങ്ങരുതെന്നും സ്റ്റാലിൽ ചൂണ്ടിക്കാട്ടി. സെന്തിൽ ബാലാജിയെ ഒരു കോടതിയും ശിക്ഷിച്ചിട്ടില്ല. നിലവിൽ ആരോപണങ്ങൾ മാത്രമാണ് നേരിടുന്നത്. ഇ.ഡി. കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല. അതിനാൽ നിയമപ്രകാരം മന്ത്രിസഭയിൽ തുടരാൻ അയോഗ്യതയില്ലെന്നും സ്റ്റാലിന്‍ വിശദീകരിച്ചു.
``ജൂൺ 29ന്-ലെ നിങ്ങളുടെ കത്തുകൾ എനിക്ക് ലഭിച്ചു, ഒന്ന് വൈകുന്നേരം ഏഴിന്, വി. സെന്തിൽ ബാലാജിയെ എെൻറ ക്യാബിനറ്റിൽ നിന്ന് പിരിച്ചുവിടുന്നുവെന്ന് കാണിച്ച് കൊണ്ട്, മറ്റൊന്ന് അതേ ദിവസം രാത്രി 11.45 ന് നടപടി പിൻവലിച്ചുകൊണ്ടുളളത്. ഇതിൽ നിന്നും വേണ്ട നിയമോപദേശം തേടാതെയാണ് നിങ്ങൾ പ്രവർത്തിച്ചതെന്ന് വ്യക്തമാണെന്ന്'' സ്റ്റാലിൽ കത്തിൽ പറയുന്നു.
എ.ഐ.എഡി.എം.കെ സർക്കാരിൽ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന കേസില്‍ ഈ ജൂൺ 14ന് ഇഡി അറസ്റ്റ് ചെയ്ത ബാലാജി നിലവില്‍ ആശുപത്രിവാസത്തിലാണെങ്കിലും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ബാലാജി മന്ത്രിയായി തുടർന്നാല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് പുറത്താക്കിയതെന്നുമായിരുന്നു രാജ്ഭവന്‍റെ വിശദീകരണം. എന്നാൽ, അന്വേഷണത്തിൽ ബാലാജി ഇടപെട്ടേക്കുമെന്ന ഗവർണറുടെ ആശങ്ക അടിസ്ഥാനരഹിതവുമാണെന്ന് സ്റ്റാലിൻ കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.