മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അടക്കമുള്ള ശിവസേന വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഉടനടി തീർപ്പുകല്പിക്കാൻ നിയമസഭ സ്പീക്കർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയിൽ. ഉദ്ധവ് പക്ഷ ചീഫ് വിപ്പ് സുനിൽ പ്രഭുവാണ് ചൊവ്വാഴ്ച കോടതിയെ സമീപിച്ചത്. ഷിൻഡെ അടക്കം 38 പേരെ അയോഗ്യരാക്കാൻ ആവശ്യപ്പെട്ട് രണ്ട് ഹരജികളാണ് ഉദ്ധവ് പക്ഷം നൽകിയത്.
മേയിൽ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ചട്ടപ്രകാരം അയോഗ്യത ഹരജികളിൽ തീർപ്പ് കല്പിക്കേണ്ടത് സ്പീക്കറാണെന്നും സമയബന്ധിതമായി തീർപ്പാക്കണമന്നും കോടതി ഉത്തരവിട്ടിരുന്നു. വിധിയിൽ അപാകതയുണ്ടെങ്കിലെ കോടതി ഇടപെടുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് പറഞ്ഞിരുന്നു.
കോടതിവിധി രണ്ടുമാസം മുമ്പാണെങ്കിലും സ്പീക്കർക്ക് മുമ്പാകെ ഹരജി നൽകിയിട്ട് ഒരു വർഷം പിന്നിട്ടത് ചൂണ്ടിക്കാട്ടിയാണ് ഉദ്ധവ് പക്ഷം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. എൻ.സി.പിയിലെ പിളർപ്പിന് പിന്നാലെയാണ് ഉദ്ധവ് പക്ഷത്തിന്റെ നീക്കം. എൻ.സി.പി ഔദ്യോഗിക പക്ഷവും അജിത് പവാറടക്കം ഒമ്പത് വിമത എം.എൽ.എമാരെ അയോഗ്യരാക്കാനാവശ്യപ്പെട്ട് സ്പീക്കർ രാഹുൽ നർവേക്കർക്ക് ഹരജി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.