റായ്പുർ: ഛത്തീസ്ഗഡിൽ ലോക്ഡൗൺ തുടരുന്നതിനിടെ മരുന്ന് വാങ്ങാൻ പുറത്തിറങ്ങിയ യുവാവിന് ജില്ല കലക്ടറുടെയും പൊലീസിെൻറയും ക്രൂരമർദനം. സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ജില്ല കലക്ടർ മർദ്ദിക്കുന്നതിനൊപ്പം പൊലീസുകാർക്ക് അടിക്കാനും യുവാവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും നിർദേശം നൽകുകയായിരുന്നു. സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
സൂരജ്പുർ ജില്ലയിലാണ് സംഭവം. ജില്ല കലക്ടർ രൺബീർ ശർമയുടെ നേതൃത്വത്തിലായിരുന്നു മർദനം. യുവാവിെൻറ ഫോൺ കലക്ടർ പിടിച്ചുവാങ്ങുന്നതും നിലത്തേക്ക് എറിയുന്നതും മർദിക്കുന്നതും വിഡിയോയിൽ കാണാം. യുവാവിനെ ക്രൂരമായി മർദിക്കുന്നതിനിടെ ചില പേപ്പറുകൾ കലക്ടറെ കാണിക്കുന്നതും എന്തിനാണ് പുറത്തിറങ്ങിയതെന്ന് യുവാവ് വിളിച്ചുപറയുന്നതും വിഡിയോയിലുണ്ട്.
എന്നാൽ അതൊന്നും വകവെക്കാതെ പൊലീസിനോട് അടിക്കാൻ ആവശ്യപ്പെടുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു കലക്ടർ. പിന്നീടും മർദനം തുടരുകയും യുവാവിനെ വാഹനത്തിൽ കയറ്റികൊണ്ടുപോകുന്നതും വിഡിയോയിൽ കാണാം.
ജില്ല കലക്ടറുടെ നേതൃത്വത്തിൽ ഇത്തരം അക്രമ സംഭവങ്ങൾ നടത്തുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തി. ജില്ല കലക്ടറുടെ നടപടി നിന്ദ്യവും അയോഗ്യത കൽപ്പിക്കാവുന്നതുമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇൻറർ സ്റ്റേറ്റ് കൗൺസൽ സെക്രട്ടറിയറ്റ് സെക്രട്ടറി സഞ്ജീവ് ഗുപ്ത പറഞ്ഞു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി മറുപടി നൽകുകയും ചെയ്തു.
അതേസമയം, അക്രമത്തിന് ഇരയായത് പ്രായപൂർത്തിയാകാത്ത യുവാവ് അല്ലെന്നും 23കാരനാണെന്നും അതിവേഗതയിൽ ബൈക്ക് ഒാടിച്ച് വന്നതിനുമാണ് ചോദ്യം ചെയ്തതെന്നുമായിരുന്നു കലക്ടറുടെ പ്രതികരണം. കൂടാതെ ലോക്ഡൗണിൽ പുറത്തിറങ്ങുന്നതിന് മതിയായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ഇല്ലായിരുന്നുവെന്നും പുറത്തിറങ്ങിയതിനെക്കുറിച്ച് രണ്ടുതവണ വ്യത്യസ്ത ഉത്തരങ്ങളാണ് നൽകിയതെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.