ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിലെ കോൺഗ്രസും ഇടതുകക്ഷികളും ഉൾപ്പെട്ട ഘടകകക്ഷികൾക്ക് കുടുതൽ സീറ്റുകൾ വിട്ടുനൽകാതെ ഡി.എം.കെ.
മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുടുതൽ ഘടകകക്ഷികൾ ഇത്തവണ മുന്നണിയിലുണ്ടെന്നതും സ്വന്തംനിലയിൽ കേവലഭൂരിപക്ഷം ഉറപ്പിക്കുന്നതിെൻറ ഭാഗമായി 175ലധികം സീറ്റിലെങ്കിലും മൽസരിക്കണമെന്ന ഡി.എം.കെയുടെ തീരുമാനവുമാണിതിന് മുഖ്യകാരണം.
കോൺഗ്രസ് എം.എൽ.എമാർക്കൊപ്പം ഭരണം സുരക്ഷിതമല്ലെന്ന തിരിച്ചറിവും മറ്റൊരു പ്രശ്നമാണ്. ഏറ്റവും ഒടുവിൽ കോൺഗ്രസ് എം.എൽ.എമാരുടെ രാജിയാണ് പുതുച്ചേരിയിൽ നാരായണസാമി സർക്കാറിെൻറ പതനത്തിന് കാരണമായത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 41 സീറ്റിൽ മത്സരിച്ച കോൺഗ്രസ് എട്ട് സീറ്റിൽ മാത്രമാണ് വിജയിച്ചത്. കോൺഗ്രസിെൻറ പടുതോൽവിയാണ് ഭരണം നഷ്ടപ്പെടാനിടയാക്കിയതെന്ന് അന്ന് ഡി.എം.കെ കേന്ദ്രങ്ങൾ ആരോപിച്ചിരുന്നു.
ഇത്തവണ 21 സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ഡി.എം.കെ. ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റുകൾ നൽകിയാൽ അധികാരത്തിലെത്താനുള്ള സാധ്യത മങ്ങുമെന്നാണ് ഡി.എം.കെ വിലയിരുത്തൽ.
രാഹുൽഗാന്ധിയുടെ നിർദേശപ്രകാരം ഫെബ്രു. 26ന് നടന്ന ആദ്യറൗണ്ട് ചർച്ചയിൽ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തമിഴ്നാടിെൻറ ചുമതലയുള്ള എ.െഎ.സി.സി അംഗം ദിനേഷ്ഗുണ്ടുറാവു, കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സുർജേവാല തുടങ്ങിയവരാണ് പെങ്കടുത്തത്. തുടർന്ന് പി.സി.സി നേതൃത്വം മൂന്നു തവണ തുടർചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.
30 സീറ്റെങ്കിലും അനുവദിക്കണമെന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ 18 സീറ്റിൽ കൂടുതൽ വിട്ടുകൊടുക്കാനാവില്ലെന്ന വാശിയിലാണ് ഡി.എം.കെ. 20ലധികം സീറ്റുകൾ നൽകി ധാരണയിലെത്തിയേക്കുമെന്നാണ് നിരീക്ഷകരുടെ നിഗമനം.
അതേപോലെ ഇടതുകക്ഷികളുമായ സീറ്റ് വിഭജന ചർച്ചകളും വഴിമുട്ടിയിരിക്കയാണ്. ചൊവ്വാഴ്ച ഡി.എം.കെ ആസ്ഥാനമായ അറിവാലയത്തിലെത്തിയ സി.പി.എം തമിഴ്നാട് സെക്രട്ടറി കെ.ബാലകൃഷ്ണൻ, പോളിറ്റ് ബ്യൂറോ അംഗം ജി.രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അൽപസമയത്തെ ചർച്ചക്കുശേഷം പുറത്തിറങ്ങി.
16 മണ്ഡലങ്ങളുടെ പട്ടിക നൽകിയതിനുശേഷം കടുത്ത അതൃപ്തിയോടെയാണ് ഇവർ മടങ്ങിയത്. 2006, 2011 വർഷങ്ങളിൽ ദ്രാവിഡ മുന്നണികളിലായി സി.പി.എമ്മിന് പത്തിൽ കുറയാതെ സീറ്റുകൾ ലഭിച്ചിരുന്നു. സി.പി.െഎ പത്ത് സീറ്റാണ് ആവശ്യപ്പെടുന്നത്. സി.പി.െഎ, സി.പി.എം കക്ഷികൾക്ക് നാല് സീറ്റ് വീതം മാത്രമെ നൽകാൻ കഴിയൂവെന്നാണ് ഡി.എം.കെ നിലപാട്.
തമിഴ്നാട് നിയമസഭയിൽ മൊത്തം 234 സീറ്റുകളാണുള്ളത്. നിലവിൽ മുസ്ലിംലീഗിന് മൂന്ന് സീറ്റും മനിതനേയ മക്കൾ കക്ഷിക്ക് രണ്ട് സീറ്റും നൽകിയതൊഴിച്ചാൽ മറ്റു ഘടകകക്ഷികളുമായി സീറ്റ് ധാരണയായിട്ടില്ല. വൈക്കോയുടെ എം.ഡി.എം.കെക്ക് അഞ്ച് നൽകിയേക്കും.
ദലിത് സംഘടനയായ തിരുമാവളവെൻറ വിടുതലൈ ശിറുതൈകളും കടുത്ത അസംതൃപ്തിയിലാണ്. സഖ്യത്തിന് പുറത്തുപോയി കൂടുതൽ സീറ്റുകളിൽ മൽസരിച്ച് തോൽവി ഏറ്റുവാങ്ങുന്നതിനെക്കാൾ കുറഞ്ഞ സീറ്റുകളിൽ ജനവിധി തേടി വിജയം നേടാനാണ് ശ്രമിക്കേണ്ടതെന്ന അഭിപ്രായവും ഘടകകക്ഷികളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.