'ആരാണ് സർക്കാർ പദ്ധതികൾക്ക് രാഷ്ട്രീയ നിറം നൽകുന്നത്'; അഗ്നിപഥിൽ പ്രധാനമന്ത്രിയുടെ പരാമർശത്തെ വിമർശിച്ച് ഡി.എം.കെ മുഖപത്രം

ചെന്നൈ: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിട്ടുള്ള പരാമർശങ്ങളെ വിമർശിച്ച് ഡി.എം.കെ മുഖപത്രം മുരസൊലി. സദുദ്ദേശ്യത്തോടെയുള്ള എല്ലാ പദ്ധതികൾക്കും രാഷ്ട്രീയ നിറം നൽകുകയാണെന്ന് അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾക്കെതിരെ പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു.

ആരാണ് പദ്ധതിക്ക് രാഷ്ട്രീയ നിറം നൽകുന്നതെന്ന് പ്രധാനമന്ത്രിയുടെ പരാമർശത്തെ വിമർശിച്ച് ലേഖനം ചോദിച്ചു. അഗ്നിപഥ് പദ്ധതി രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ സ്വീകരിച്ച സമീപനം തെറ്റാണെന്ന് ലേഖനം ചൂണ്ടിക്കാട്ടി. മുൻ സായുധ സേനാ ഉദ്യോഗസ്ഥരും യുവ സായുധ സേനാമോഹികളും പദ്ധതിയുടെ നെഗറ്റീവ് വശം ചൂണ്ടിക്കാണിക്കുമ്പോൾ പദ്ധതിയുടെ പോസിറ്റീവ് വശങ്ങൾ വിശദീകരിക്കാൻ സർക്കാർ ശ്രമിക്കാത്തതെന്താണെന്ന് ലേഖനം ചോദിച്ചു. ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ അതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ച് കൊടുക്കാൻ പ്രധാനമന്ത്രി ശ്രമിക്കാത്തതെന്താണ്.

മുൻ ആർമി ജനറൽ വി.കെ സിങിന്‍റെ പരാമർശത്തെയും ലേഖനത്തിൽ രൂക്ഷമായി വിമർശിച്ചു. സൈന്യം ഒരു തൊഴിൽ മാർഗമല്ല. ഇതൊരു കടയോ കമ്പനിയോ അല്ല. സൈന്യത്തിൽ ചേരണമെന്ന് താൽപര്യമുള്ളവർ സ്വയം തയാറായാണ് വരേണ്ടത്. അല്ലാതെ ആരാണ് നിങ്ങളോട് സൈന്യത്തിൽ ചേരാൻ ആവശ്യപ്പെട്ടതെന്നും സിങ് ചോദിച്ചിരുന്നു. തങ്ങളുടെ സ്വപ്നങ്ങൾ തകർത്തവർക്കെതിരെ പ്രതിഷേധിക്കുന്നവരെ സമാധാനിപ്പിക്കാൻ ഒരു കേന്ദ്രമന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടതെന്ന് ഇതിന് മറുപടിയായി മുരസൊലി ചോദിച്ചു. രാജ്യത്തെ സംരക്ഷിക്കാനാണോ ബി.ജെ.പിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനാണോ സർക്കാർ സൈനികരെ പരിശീലിപ്പിക്കുന്നതെന്നും ലേഖനം ചോദിച്ചു.

ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന പരിപാടിക്കിടെയാണ് സർക്കാർ പദ്ധതികൾക്ക് പലപ്പോഴും രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ആരോപിച്ചത്. ഇത് വളരെ ദൗർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ചാനൽ റേറ്റിങ് കൂട്ടുക എന്ന ഉദ്യേശത്തോടെ മാധ്യമങ്ങളും ഇത് ആഘോഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - DMK mouthpiece criticises PM Modi's comment on Agnipath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.