ബംഗളൂരു: നിർബന്ധിത ഗ്രാമീണ സേവനം അനുഷ്ഠിക്കാതിരുന്ന ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കാനും മൂന്നര ലക്ഷം രൂപ വീതം പിഴയീടാക്കാനുമുള്ള കർണാടക ആരോഗ്യവകുപ്പിെൻറ ഉത്തരവ് ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലെ ഡോ. ദിവ്യയടക്കം 200 പേർ നൽകിയ ഹരജിയെ തുടർന്നാണ് കോടതി ഇടപെടൽ.
തങ്ങൾ കോഴ്സ് പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞാണ് 2017 മേയ് 20ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഇൗ ഉത്തരവ് നൽകിയതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. ജോലിയിലെ നടപടിക്രമം പാലിക്കാത്തതിന് കാരണം കാണിക്കാൻ ആവശ്യപ്പെട്ട് മേയ് 29ന് കർണാടക മെഡിക്കൽ കൗൺസിൽ നൽകിയ നോട്ടീസിനെയും അവർ ചോദ്യംചെയ്തു.
കോഴ്സ് പൂർത്തിയാക്കിയ സമയത്ത് ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രികളിൽ ജോലിചെയ്യണമെന്നത് സംബന്ധിച്ച് സർക്കാർ വ്യക്തമായ നിർദേശമൊന്നും നൽകിയിരുന്നില്ല. ആവശ്യമെങ്കിൽ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യേണ്ടിവരുമെന്നാണ് ബോണ്ടിലുള്ളത്. ബോണ്ട് തെറ്റിച്ചെന്ന കാരണത്താൽ സർക്കാർ വ്യാപകമായി വിദ്യാർഥികൾക്കെതിരെ ശിക്ഷാനടപടി കൈക്കൊള്ളുന്ന സാഹചര്യത്തിൽ മെഡിക്കൽകോഴ്സ് പൂർത്തിയായവർക്കുള്ള 2012ലെ കർണാടക നിർബന്ധിത സേവന പരിശീലനനിയമം റദ്ദാക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. ഡോക്ടർമാർക്കെതിരായ ശിക്ഷാനടപടി തടഞ്ഞ് ഉത്തരവിട്ട ജസ്റ്റിസ് സി. നരേന്ദർ സംസ്ഥാന സർക്കാറിനും കർണാടക മെഡിക്കൽ കൗൺസിലിനും നോട്ടീസയച്ചു. ജൂൺ 19ന് കേസിൽ വീണ്ടും വാദംകേൾക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.