യു.പിയിൽ അർബുദമില്ലാത്ത രോഗിക്ക് കീമോതെറാപ്പി; ഡോക്ടർ അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

ലഖ്നോ: യു.പിയിൽ അർബുദമില്ലാത്ത രോഗിക്ക് കീമോ ചികിത്സ നൽകിയ സംഭവത്തിൽ ഡോക്ടർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. ലഖിംപൂർ ഖേരി ഉപഭോക്തൃ കോടതിയുടേതാണ് ഉത്തരവ്. 4.5 ലക്ഷം രൂപയും പ്രതിവർഷത്തേക്ക് ഏഴ് ശതമാനം പലിശയും ഇതുകൂടാതെ 50,000 രൂപയും നൽകണമെന്നാണ് ഉത്തരവ്. ലഖ്നോവി​ലെ കിങ് ജോർജ് ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് നടപടി. കൺസ്യൂമർ കമീഷൻ ചെയർപേഴ്സൺ ശിവ് മീന ശുക്ല, മെമ്പർമാരായ ഡോ.അലോക് കുമാർ ശർമ്മ, ജൂഹി ഖുദുസി എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.

ലഖിംപുർ ഖേരിയിൽ നിന്നുള്ള റാണി ഗുപ്ത 2007ൽ യു.പിയിലെ പ്രൈവറ്റ് നഴ്സിങ് ഹോമിൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. അവിടത്തെ ഡോക്ടറാണ് ഇവരുടെ മെഡിക്കൽ ​റിപ്പോർട്ടുമായി ലഖ്നോവിലെ കിങ് ജോർജ് ആശുപത്രിയിലെ തന്റെ സീനിയർ ഡോക്ടറെ കാണാൻ നിർദേശിച്ചത്.

കിങ് ജോർജ് ആശുപത്രിയിൽ ഇവരെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കി ഇവർക്ക് അർബുദമുണ്ടെന്ന് സ്ഥിരീകരിക്കുകയും കീമോ ചികിത്സ ആരംഭിക്കുകയും ചെയ്തു. 2007 ജനുവരി ഒന്ന് മുതൽ മൂന്ന് വരെയാണ് ഇവർ കീമോ ചികിത്സക്ക് വിധേയയായത്. തുടർന്ന് ഫെബ്രുവരിയിൽ തുടർ ചികിത്സ നടത്തണമെന്നും നിർദേശിച്ചു.

ഇതിനിടെ കീമോ തെറാപ്പി മൂലം മാനസികമായി തകർന്ന റാണി ഗുപ്ത മുംബൈയിലെ ആശുപത്രി ഡോക്ടറിൽ നിന്നും വിദഗ്ദോപദേശം തേടി. എന്നാൽ, മുംബൈയിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് അർബുദമില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

പിന്നീടാണ് ഇവർ നിയമനടപടിയുമായി മുന്നോട്ട് പോയത്. ഉപഭോക്തൃ കോടതിയുടെ നിർദേശപ്രകാരം ആശുപത്രി അധികൃതർ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാൽ, റേഡിയോ തെറാപ്പി ഡിപ്പാർട്ട്മെന്റിലെ ഡോക്ടർ ബ്ലെഡ് ടെസ്റ്റ്, അൾട്രാസൗണ്ട് സ്കാൻ, എക്സ്റേ എന്നിവ മാത്രമേ അർബുദം സ്ഥിരീകരിക്കുന്നതിനായി നടത്തിയിട്ടുള്ളുവെന്നും വ്യക്തമായി.

Tags:    
News Summary - Doctor conducts chemo on patient who had no cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.