കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ ആശുപത്രിയിൽ ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്തെങ്ങും വ്യാപക പ്രതിഷേധം.
വിവിധ ആശുപത്രികളിൽ ഡോക്ടർമാരുടെ സമരവും പ്രതിഷേധ പ്രകടനങ്ങളും തുടരുകയാണ്. പലയിടത്തും ആശുപത്രി സേവനങ്ങൾ തിങ്കളാഴ്ച തടസ്സപ്പെട്ടു.
മൂന്ന് ദിവസമായി സമരത്തിലുള്ള ജൂനിയർ ഡോക്ടർമാർ അടിയന്തര ഡ്യൂട്ടികൾ ചെയ്തിരുന്നു. എന്നാൽ ഇന്ന് രാവിലെ മുതൽ അവർ ഡ്യൂട്ടിയിൽ കയറാതെ സമരത്തിലായിരുന്നു. 'ഞങ്ങളുടെ സഹപ്രവർത്തകന്‍റെ കൊലപാതകത്തിൽ സി.ബി.ഐയോ സിറ്റിംഗ് മജിസ്‌ട്രേറ്റോ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നിലവിലെ പൊലീസ് അന്വേഷണത്തിൽ ഞങ്ങൾക്ക് അതൃപ്തിയുണ്ട്. നീതി ലഭിക്കുന്നതുവരെ ഞങ്ങൾ സമരം തുടരും'. ജൂനിയർ ഡോക്ടർ പറഞ്ഞു.
കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിലാണ് 28കാരിയായ ഡോക്ടറുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. ബലാത്സംഗത്തിനു ശേഷം ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ എല്ലാ മുതിർന്ന ഡോക്ടർമാരുടെയും അവധി റദ്ദാക്കി.
മുതിർന്ന ഡോക്ടർമാർ ഇപ്പോഴും ഡ്യൂട്ടിയിലാണ്. സ്ഥിതിഗതികൾ സുസ്ഥിരമാകുന്നതുവരെ ജോലി ചെയ്യാൻ അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഫോർഡ) പണിമുടക്കിനെ അംഗീകരിക്കുകയും തിങ്കളാഴ്ച രാജ്യവ്യാപകമായി ആരോഗ്യ സേവനങ്ങൾ നിർത്തിവെക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രതിക്ക് വധശിക്ഷ വാങ്ങിനൽകുമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റി എത്രയും വേഗം ശിക്ഷ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.