ഡോക്ടറുടെ ബലാത്സംഗ കൊല: മുൻ പ്രിൻസിപ്പലിന്റെ ഫോൺ വിവരങ്ങൾ തേടി സി.ബി.ഐ

കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിൽ പി.ജി ഡോക്ടർ ട്രെയിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ മൊബൈൽ ഫോണിലെ കാൾ വിശദാംശങ്ങളും ചാറ്റുകൾ സംബന്ധിച്ച വിവരങ്ങളും തേടി സി.ബി.ഐ. തുടർച്ചയായ മൂന്നാം ദിവസത്തിലേക്ക് കടന്ന ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് ഈ വിവരങ്ങൾ തേടിയത്. ഫോൺ വിശദാംശങ്ങൾക്കായി മൊബൈൽ കമ്പനിയെ ബന്ധപ്പെടുന്ന കാര്യവും സി.ബി.ഐ ആലോചിക്കുന്നുണ്ട്.

ശനിയാഴ്ച നടന്ന ചോദ്യം ചെയ്യൽ 13 മണിക്കൂറോളം നീണ്ടു. തുടർന്ന് ഞായറാഴ്ച രാവിലെ 11ന് ഇദ്ദേഹം വീണ്ടും സി.ബി.ഐ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. കൊലപാതകത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടോ, മുൻ പ്രിൻസിപ്പലിന് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. കൊൽക്കത്ത പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 പേരെ അന്വേഷണ സംഘം ഇതിനകം ചോദ്യം ചെയ്തു. ഡോക്ടറുടെ മരണവിവരം അറിഞ്ഞെത്തിയ മാതാപിതാക്കളെ മൂന്നു മണിക്കൂറോളം കാത്തുനിർത്തിച്ചത് എന്തിന്, കൊലപാതകം നടന്ന സെമിനാർ ഹാളിനോടുചേർന്ന മുറിയിൽ നവീകരണ പ്രവൃത്തി നടത്താൻ നിർദേശിച്ചത് ആര് എന്നിവയെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.

അതേസമയം, ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരം തുടർച്ചയായ 10ാം ദിവസവും സർക്കാർ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിപ്പിച്ചു. ഒ.പി വിഭാഗം ഞായറാഴ്ചയും പ്രവർത്തിച്ചില്ല. രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്ന് സമരം നടത്തുന്ന ഡോക്ടർമാരിലൊരാൾ പറഞ്ഞു. അതേസമയം, തങ്ങളുടെ സമരം പ്രസക്തമാണ്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തടരുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളിയെ എത്രയും വേഗം ശിക്ഷിക്കുക, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിടുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്.

അതിനിടെ, ആർ.ജി കർ മെഡിക്കൽ കോളജ് പരിസരത്ത് ആഗസ്റ്റ് 24 വരെ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചിൽ കൂടുതൽ പേർ സംഘടിക്കുന്നത് വിലക്കിയിട്ടുണ്ട്. കൊലപാതകം മറച്ചുവെക്കാൻ ശ്രമിച്ചതിന് ഉത്തരവാദികളായവരെ കണ്ടെത്താൻ കൊൽക്കത്ത പൊലീസ് കമീഷണറെയും ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സുഖേന്ദു ശേഖർ റോയ് ആവശ്യപ്പെട്ടു. ആരാണ് ആത്മഹത്യാ കഥയുണ്ടാക്കിയതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മകൾ ആത്മഹത്യ ചെയ്തെന്ന് പറഞ്ഞാണ് ആഗസ്റ്റ് ഒമ്പതിന് രാവിലെ ഫോൺ വന്നതെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. എന്നാൽ, പൊലീസിലെ ആരും ആത്മഹത്യയെന്നുപറഞ്ഞ് മാതാപിതാക്കളെ വിളിച്ചിട്ടില്ലെന്ന് പൊലീസ് കമീഷണർ വിനീത് ഗോയൽ വ്യക്തമാക്കിയിരുന്നു. തെളിവ് ശേഖരണത്തിന് പൊലീസ് നായെ മൂന്ന് ദിവസത്തിനുശേഷം മാത്രം ഉപയോഗിച്ചതിനെയും സുഖേന്ദു ശേഖർ റോയ് ചോദ്യം ചെയ്തു. എന്നാൽ, മറ്റൊരു തൃണമൂൽ കോൺഗ്രസ് നേതാവായ കുനാൽ ഘോഷ് ഇദ്ദേഹത്തിന്റെ ആവശ്യത്തെ എതിർത്തു.

കൊല്ലപ്പെട്ട ഡോക്ടറുടെ പേര് വെളിപ്പെടുത്തിയെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപിച്ച് മുൻ ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റർജിയെയും രണ്ട് മുതിർന്ന ഡോക്ടർമാരെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. തെറ്റായ പ്രചാരണം ആരോപിച്ച് മറ്റ് 57 പേർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

വനിതാ ജീവനക്കാരുടെ സുരക്ഷക്ക് നടപടികളുമായി ബംഗാൾ സർക്കാർ

ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ഉൾപ്പെടെ രാത്രി ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി പശ്ചിമ ബംഗാൾ സർക്കാർ. പ്രത്യേക വിശ്രമ മുറികളും സി.സി.ടി.വി നിരീക്ഷണമുള്ള സുരക്ഷാ മേഖലകളും സ്ത്രീ ജീവനക്കാർക്കായി ഒരുക്കും. മുഖ്യമന്ത്രി മമതാ ബാനർജിയുടെ മുഖ്യ ഉപദേഷ്ടാവ് അലാപൻ ബന്ദോപാദ്യായ ആണ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

‘രാത്രി സേവകർ’ എന്ന പേരിൽ സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തിയുള്ള സുരക്ഷാ നടപടികളാണ് ആവിഷ്‍കരിച്ചിട്ടുള്ളത്. അടിയന്തര ഘട്ടത്തിൽ വനിതാ ജീവനക്കാർക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം കൈമാറാൻ മൊബൈൽ ആപ്പും തയാറാക്കും. ഇതിനുപുറമെ, സർക്കാർ, സ്വകാര്യ മേഖലകളിൽ രാത്രി ജോലി ചെയ്യുന്ന സ്ത്രീകളെ രണ്ടുപേർ വീതമുള്ള സംഘങ്ങളായി തിരിച്ച് പരസ്പരം ബന്ധപ്പെടുന്നതിനുള്ള സംവിധാനമൊരുക്കാനും പ്രേരിപ്പിക്കും. തൊഴിലിടങ്ങളിലെ സുരക്ഷാ ജീവനക്കാരിൽ സ്ത്രീ-പുരുഷ അനുപാതം കൃത്യമായി പാലിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. കൊൽക്കത്തയിലും മറ്റ് ജില്ലകളിലും മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും മദ്യപിച്ചെത്തുന്നവരെ കണ്ടെത്താൻ പരിശോധന നടത്തും.

ആശുപത്രികൾ, മെഡിക്കൽ കോളജുകൾ, വനിതാ ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ പൊലീസിന്റെ രാത്രി പട്രോളിങ് ഏർപ്പെടുത്തും. സാധ്യമാകുന്ന സ്ഥലങ്ങളിൽ സ്ത്രീകൾക്ക് രാത്രി ജോലി ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Doctor's rape and murder: CBI seeks phone details of ex-principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.