ഡോക്ടറുടെ ബലാത്സംഗക്കൊല: സുപ്രീം കോടതിയിൽ പോർവിളിയുമായി കേന്ദ്രവും ബംഗാൾ ഭരണകൂടവും; രാഷ്ട്രീയവത്കരിക്കേണ്ടെന്ന് കോടതി

ന്യൂഡൽഹി: കൊൽക്കത്ത ആർ.ജി കർ ആശുപത്രിയിലെ യുവ ഡോക്ടറുടെ ബലാത്സംഗക്കൊല രാഷ്ട്രീയവത്കരിക്കേണ്ടെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയിലെ വാദത്തിനിടെ കേന്ദ്രവും ബംഗാളും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇക്കാര്യമോർമിപ്പിച്ചത്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കുനേരെ ചൂണ്ടുന്ന വിരലുകൾ മുറിച്ചുമാറ്റുമെന്നാണ് ഒരു സംസ്ഥാന മന്ത്രി പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐക്കുവേണ്ടി ഹാജരായ കേന്ദ്ര സർക്കാറിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഈ തർക്കത്തിന് തുടക്കമിട്ടത്. ‘ബുള്ളറ്റുകളുതിർക്കു’മെന്ന് പ്രസ്താവന നടത്തിയത് ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണെന്ന് ബംഗാൾ സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ തിരിച്ചടിച്ചു. അതോടെ ഇടപെട്ട ചീഫ് ജസ്റ്റിസ് സാഹചര്യത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും ഇരുകൂട്ടരെയും ഓർമിപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 151 ഗ്രാം ശുക്ലത്തെക്കുറിച്ച് പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകയോട് പോസ്റ്റ് മോർട്ടം റിപ്പോർട്ട് തങ്ങളുടെ മുന്നിലുണ്ടെന്നും ആശയക്കുഴപ്പമുണ്ടാക്കരുതെന്നും സമൂഹമാധ്യമങ്ങളിൽ വായിച്ചതുവെച്ച് കോടതിയിൽ വാദിക്കരുതെന്നും ചീഫ് ജസ്റ്റിസ് രോഷത്തോടെ പ്രതികരിച്ചു.

ബലാത്സംഗക്കൊല അന്വേഷിക്കുന്ന സി.ബി.ഐയുടെ തൽസ്ഥിതി റിപ്പോർട്ടും പ്രക്ഷോഭത്തെ തുടർന്ന് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം അന്വേഷിക്കുന്ന കൊൽക്കത്ത പൊലീസിന്റെ തൽസ്ഥിതി റിപ്പോർട്ടും വ്യാഴാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഇത് പരിശോധിക്കുന്നതിനിടയിലും കപിൽ സിബലും തുഷാർ മേത്തയും കൊമ്പുകോർത്തു. അഞ്ചാം ദിവസം അന്വേഷണം ഏറ്റെടുത്തപ്പോഴേക്കും കുറ്റകൃത്യം നടന്ന സ്ഥലത്ത് മാറ്റങ്ങൾ വരുത്തിയെന്നും തെളിവ് നശിപ്പിച്ചുവെന്നുമുള്ള സി.ബി.ഐയുടെ തൽസ്ഥിതി റിപ്പോർട്ടിലെ പരാമർശത്തെ കൊൽക്കത്ത പൊലീസിന്റെ തൽസ്ഥിതി റിപ്പോർട്ടുവെച്ച് കപിൽ സിബൽ ഖണ്ഡിച്ചു. ഇതെല്ലാം വെള്ളം കലക്കലാണെന്നും രേഖകൾ മാറ്റിമറിച്ചുവെന്ന തോന്നലുണ്ടാക്കാനാണ് സി.ബി.ഐ ശ്രമിച്ചതെന്നും സിബൽ കുറ്റപ്പെടുത്തിയപ്പോൾ തങ്ങൾ വെള്ളം കലക്കുകയല്ല, ചളി കളയുകയാണ് ചെയ്യുന്നതെന്ന് തുഷാർ മേത്ത അവകാശപ്പെട്ടു. പിതാവ് നിർബന്ധിച്ച ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് മേത്ത വാദിച്ചപ്പോൾ പരാതി എഴുതിത്തരാമെന്ന് ഇരയുടെ പിതാവ് പറഞ്ഞതിനാൽ അതിന് കാത്തിരുന്നതുകൊണ്ടാണ് എഫ്.ഐ.ആർ വൈകിയതെന്ന് സിബൽ മറുവാദമുന്നയിച്ചു.

ഇരു റിപ്പോർട്ടുകളിലും സംഭവങ്ങളുടെ സമയക്രമത്തിൽ പൊരുത്തക്കേട് എങ്ങനെയുണ്ടായെന്ന് ജസ്റ്റിസ് പർദിവാല കോടതിയിൽ ഹാജരായ സി.ബി.ഐ ജോയന്റ് ഡയറക്ടറോടും ചോദിച്ചു. അതേസമയം, രണ്ട് ഏജൻസികളുടെ രണ്ട് അന്വേഷണങ്ങളിൽ താൽപര്യങ്ങളുടെ ഏറ്റുമുട്ടലുണ്ടാകുമെന്ന വാദം ബെഞ്ച് തള്ളി.

Tags:    
News Summary - Doctor's rape murder: Center and Bengal state fight in Supreme Court; Court not to politicize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.