പോസ്റ്റ്മോർട്ടം ടേബിളിലെ മൃതദേഹങ്ങൾ കടിച്ചു കീറി തിന്നുന്ന തെരുവു നായ്ക്കൾ; യു.പിയിൽ നിന്നുള്ള നടുക്കുന്ന ദൃശ്യം പങ്കുവെച്ച് എക്സ് യൂസർ

ലഖ്നോ: ഉത്തർപ്രദേശിൽ നിന്ന് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത്. സംസ്ഥാനത്ത് നടക്കുന്ന പല സംഭവങ്ങളും വാർത്തകളായി പുറത്തുവരാറുണ്ട്. ഝാൻസിയിൽ പോസ്റ്റ്മോർട്ടം ടേബിളിലെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹങ്ങൾ തെരുവുനായ്ക്കൾ കീറി കടിച്ചു തിന്നുന്ന വിഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിഡിയോ കണ്ട് യു.പിയിലെ ആരോഗ്യ സംവിധാനങ്ങളെ വിമർശിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു. 

ഭീകര കാഴ്ചയെന്ന് വിശേഷിപ്പിച്ചാണ് ഒരു എക്സ് യൂസർ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 'യു.പിയിലെ ഝാൻസിയിലെ പോസ്റ്റ്മോർട്ടം ടേബിളിലെ മനുഷ്യ മൃതദേഹങ്ങൾ തിന്നുന്ന തെരുവു നായ്ക്കൾ. എന്നാൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ലജ്ജയില്ലാതെ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. ഈ വിഡിയോ ഝാൻസിയിൽ നിന്നുള്ളതല്ലെന്നാണ് അവർ പറയുന്നത്.'-എന്നാണ് എക്സ് യൂസർ വിഡിയോക്കു താഴെ എഴുതിയത്.

നായ്ക്കളെ തുരത്താൻ പോലും ശ്രദ്ധിക്കാത്ത കാഴ്ചക്കാരിൽ ആരോ ആണ്  വിഡിയോ പകർത്തിയത്. അതേസമയം, സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ ശോച്യാവസ്ഥ തുറന്നുകാട്ടാൻ വിഡിയോയിലൂടെ സാധിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പിനെ പ്രതിചേർക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പോസ്റ്റ്‌മോർട്ടം ടേബിളുകളിലെ മൃതദേഹങ്ങൾ പോലും സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും പലരും വിഡിയോക്ക് താഴെ കുറിച്ചു. ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളെ പോലും തെരുവുനായ്ക്കൾ കടിക്കാറുണ്ട്. യു.പിയിലെ ആശുപത്രിക്കിടക്കകളിലൂടെ എലികൾ ഓടിക്കളിക്കുന്ന വിഡിയോകളും മുമ്പ് പ്രചരിച്ചിരുന്നു.

Tags:    
News Summary - Dogs tear, eat and feast on human bodies at post mortem house in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.