ന്യൂഡൽഹി/ബെയ്ജിങ്: സിക്കിം അതിർത്തി മേഖലയിലെ ദോക്ലാമിൽ കഴിഞ്ഞ ജൂൺ മുതൽ മുഖാമുഖം നിൽക്കുന്ന ഇന്ത്യയുടെയും ചൈനയുടെയും െെസനികർ പിന്മാറ്റം തുടങ്ങി. അതിർത്തിപ്രശ്നത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ മാസങ്ങളായി നിലനിന്ന സംഘർഷത്തിനാണ് നയതന്ത്രനീക്കങ്ങളിലൂടെ പരിഹാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ പെങ്കടുക്കാൻ ബെയ്ജിങ്ങിൽ എത്തുന്നതിന് ഒരാഴ്ച മുമ്പാണ് പിന്മാറ്റമെന്നത് ശ്രദ്ധേയമാണ്. ആശയവിനിമയങ്ങളിൽ ഇരുരാജ്യങ്ങളും അതിർത്തി സംബന്ധിച്ച നിലപാടുകളും താൽപര്യങ്ങളും ഉത്കണ്ഠയും പങ്കുവെച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഇന്ത്യൻ സൈനികരുടെ പിന്മാറ്റം സ്ഥിരീകരിച്ച ചൈന, അവരുടെ സൈനികർ പിന്മാറുന്നത് സംബന്ധിച്ച സൂചനകളൊന്നും നൽകിയില്ല. രാജ്യത്തിെൻറ പരമാധികാരം കാത്തുസൂക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധമാണെന്ന മുൻനിലപാട് ആവർത്തിച്ച ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുയിങ്, സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും പറഞ്ഞു. ഇന്ത്യൻ സൈനികരും അവരുടെ ഉപകരണങ്ങളും പിൻവാങ്ങിയിട്ടുണ്ടെന്നും ദോക്ലാമിൽ ചൈനീസ് പട്ടാളം പട്രോളിങ് തുടരുകയാണെന്നും ഹുവ പറഞ്ഞു. റോഡ് പദ്ധതി തുടരുന്നതിനെക്കുറിച്ച് വക്താവ് മൗനം പാലിച്ചു.
അതിർത്തിയിലെ തർക്കപ്രദേശത്ത് െചെന തുടങ്ങിയ റോഡ് നിർമാണം ഇന്ത്യൻ സേന തടഞ്ഞതോടെയാണ് അതിർത്തിയിൽ സംഘർഷം പുകഞ്ഞത്. 350ഒാളം സൈനികരെയാണ് ഇന്ത്യ ഇവിടെ വിന്യസിച്ചത്. ബ്രിക്സ് ഉച്ചകോടി സെപ്റ്റംബർ മൂന്നു മുതൽ അഞ്ചുവരെ ചൈനീസ് നഗരമായ സിയാമനിലാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.