പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,500 കോടിയുടെ വായ്പാതട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സിയെ 'അനധികൃത കുടിയേറ്റക്കാരനാ'യി പ്രഖ്യാപിച്ച് കരീബിയൻ ദ്വീപു രാജ്യമായ ഡൊമിനിക്ക. കുടിയേറ്റ, പാസ്പോർട്ട് നിയമത്തിലെ വകുപ്പുകളനുസരിച്ചാണ് ചോക്സിയെ ഡൊമിനിക്കയിലെ ദേശീയ സുരക്ഷ, ആഭ്യന്തര മന്ത്രാലയം അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ചത്. ചോക്സിയെ ഡൊമിനിക്കയിൽനിന്ന് പുറത്താക്കാൻ മന്ത്രാലയം പൊലീസിന് നിർദേശം നൽകി.
ഇന്ത്യയിലേക്ക് നാടുകടത്തുന്നതുൾപ്പെടെ നടപടികൾക്ക് ആക്കം കൂട്ടുന്നതാകും പ്രഖ്യാപനമെന്നാണ് സൂചന. അനധികൃത കുടിയേറ്റക്കാരനാകുന്നതോടെ ഡൊമിനിക്കയിൽ പ്രവേശനത്തിന് ചോക്സിക്ക് വിലക്കുണ്ടാകും.
കോടതിയിൽ സമർപ്പിച്ച രേഖയിലാണ് രാജ്യത്തേക്ക് പ്രവേശനം വിലക്കിയ ഉത്തരവുള്ളത്. വായ്പാതട്ടിപ്പ് നടത്തി നാടുവിട്ട ചോക്സി ആൻറിഗ്വ പൗരത്വം നേടുകയും 2018 മുതൽ അവിടെ കഴിയുകയുമായിരുന്നു. അതിനിടെ, മേയ് 23ന് ആൻറിഗ്വയിൽനിന്ന് അനുമതിയില്ലാതെ ഡൊമിനിക്കയിലേക്ക് സുഖവാസത്തിന് എത്തിയതാണ് കുരുക്കായത്.
ആൻറിഗ്വയിലെ ജോളി ഹാർബറിൽനിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് ചോക്സിയുടെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. ആൻറിഗ്വക്കാരെയും ഇന്ത്യക്കാരെയും പോലെ തോന്നിക്കുന്ന പൊലീസുകാരാണ് ബോട്ടിൽ കടത്തിയതെന്നായിരുന്നു വാദം. എന്നാൽ, ഡൊമിനിക്കയിലെത്തി രണ്ടു ദിവസം കഴിഞ്ഞ് മേയ് 25നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.