ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പ്രതിയായ രത്ന വ്യാപാരി മെഹുൽ ചോക്സിക്ക് ഡൊമിനിക്കൻ മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്നാരോപിച്ചാണ് ഇദ്ദേഹത്തെ മേയ് 23ന് അറസ്റ്റ്ചെയ്തത്. അയൽരാജ്യമായ ആൻറിഗയിൽനിന്ന് തന്നെ തട്ടിക്കൊണ്ടു വന്നതാണെന്ന് മജിസ്ട്രേറ്റിന് മുമ്പാകെ ചോക്സി വ്യക്തമാക്കിയിരുന്നു. കേസ് ജൂൺ 14ന് വീണ്ടും പരിഗണിക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചോക്സി വീൽചെയറിലാണ് കോടതിയിൽ ഹാജരായത്.
അതിനിടെ, ചോക്സിയെ ഡൊമിനിക്കയിൽനിന്നുതന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ ആൻറിഗ മന്ത്രിസഭ തുരുമാനിച്ചു. ചോക്സി വിഷയം പ്രശ്നമാണെന്നും അദ്ദേഹം ആൻറിഗയിലേക്ക് മടങ്ങിയാൽ ആ തലവേദന നമുക്കാവുമെന്നും മന്ത്രിസഭ യോഗം വിലയിരുത്തി. 2018 മുതൽ കരീബിയൻ ദ്വീപായ ആൻറിഗയിൽ താമസിക്കുന്ന ചോക്സിക്ക് ആ രാജ്യം പൗരത്വം നൽകിയിട്ടുണ്ട്.
അനധികൃതമായി രാജ്യത്ത് പ്രവശിച്ച കേസിൽ ചോക്സിയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കാൻ ഡൊമിനിക്കൻ ഹൈകോടതിയാണ് നിർദേശിച്ചത്. ചോക്സിയെ ഇന്ത്യക്ക് വിട്ടുകൊടുക്കണമെന്ന് ഡൊമിനിക്കൻ സർക്കാർ ഹൈകോടതിയെ അറിയിച്ചിരുന്നു. 2018ൽ ഇന്ത്യയിൽനിന്ന് മുങ്ങിയ ഇദ്ദേഹം ആൻറിഗയിലാണ് കഴിഞ്ഞിരുന്നത്. ചോക്സിയെ വിട്ടുകിട്ടുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർ ഡൊമിനിക്കയിലെത്തിയിട്ടുണ്ട്. ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മെഹുൽ ചോക്സിയെ വിട്ടുകിട്ടാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡൊമിനിക്കയിൽ നിന്ന് തിരിച്ചുകൊണ്ടുവരാൻ ്ശ്രമം തുടരുകയാണെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു.
ചോക്സിയെ രക്ഷിക്കാൻ സഹോദരൻ ചേതൻ ചോക്സിയിൽനിന്ന് ഡൊമിനിക്കൻ പ്രതിപക്ഷ നേതാവ് ലിനോക്സ് ലിൻറൺ പണം വാങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.